ഇസ്ലാം മതത്തിന്റെ അവിഭാജ്യ ഘടകമല്ല വഖഫ്; ഇസ്ലാമിക ആശയമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെങ്കിലും മൗലികാവകാശമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍; വഖഫ് ബോര്‍ഡിന് മതപരമായ സ്വഭാവമില്ലെന്നും തുഷാര്‍ മേത്തയുടെ വാദം
ഇസ്ലാം മതത്തിന്റെ അവിഭാജ്യ ഘടകമല്ല വഖഫ്
ന്യൂഡല്‍ഹി: വഖഫ് ഇസ്സാം മതത്തിന്റെ അവിഭാജ്യ ഘടകമല്ലെന്നും മൗലികാവകാശമല്ലെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ ധരിപ്പിച്ചു. ' വഖഫ് ഇസ്ലാമിന്റെ അവിഭാജ്യ ഘടകമെന്ന് തെളിയിക്കുന്നത് വരെ മറ്റുവാദങ്ങളെല്ലാം പരാജയപ്പെടും. വഖഫ് ഒരു ഇസ്ലാമിക ആശയമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ പക്ഷേ വഖഫ് ഇസ്ലാമിന്റെ അഭിവാജ്യ ഘടകമല്ല'- സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു.
2025 ലെ വഖഫ് ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളിലാണ് കേന്ദ്രത്തിന്റെ പ്രതികരണം. ഉപയോഗം വഴിയുള്ള വഖഫ് തത്വപ്രകാരം തരംതിരിച്ചതാണെങ്കിലും ഒരു വ്യക്തിക്കും സര്‍ക്കാര്‍ ഭൂമി അവകാശപ്പെടാന്‍ കഴിയില്ലെന്ന് തുഷാര്‍ മേത്ത വാദിച്ചു. വഖഫ്ആയി പ്രഖ്യാപിച്ച ഭൂമി സര്‍ക്കാരിന്റേതാണെങ്കില്‍ അത് സര്‍ക്കാരിന് അവകാശപ്പെട്ടതാണെന്നും മേത്ത വാദിച്ചു
വഖഫ് ബോര്‍ഡിന് മതപരമായ സ്വഭാവമില്ലെന്നും വഖഫ് ബോര്‍ഡ് ഒരു മതപരമായ ചടങ്ങുകളുടെയും ഭാഗമാകുന്നില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്.
കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഒരു മതത്തിന്റെ ഭാഗമാണ്. എന്നാല്‍ അത് അത്യന്താപേക്ഷിതമായ ഒരു കാര്യമല്ല. അതിനാല്‍ വഖഫ് അനിവാര്യമായ ഒന്നാണെന്ന് വാദിക്കാനാകില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ നിലപാട്. സ്വത്തുക്കളുടെ കാര്യത്തില്‍ മതാടിസ്ഥാനത്തില്‍ അല്ല തീരുമാനം എടുക്കേണ്ടത്. രാജ്യത്ത് നിലവിലുള്ള നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സ്വത്തുക്കള്‍ പരിപാലിക്കുന്നതെന്നും കേന്ദ്രം വാദിച്ചു. വഖഫ് സ്വത്തുക്കള്‍ തട്ടിയെടുക്കുന്നുവെന്ന് വ്യാജമായ പ്രചാരണമാണ് നടക്കുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
വഖഫ് ബോര്‍ഡുകളിലെ അമുസ്‌ലിം അംഗങ്ങളുടെ പ്രാതിനിധ്യത്തിലും കേന്ദ്ര സര്‍ക്കാര്‍ നിയമ ഭേദഗതിയിലെ നിര്‍ദേശങ്ങള്‍ ആവര്‍ത്തിച്ചു. 22 അംഗ സെന്‍ട്രല്‍ കൗണ്‍സില്‍ നാല് അമുസ്ലിങ്ങള്‍ മാത്രമാണുള്ളതെന്നും 11 അംഗ വഖഫ് ബോര്‍ഡില്‍ മൂന്ന് അമുസ്ലിങ്ങള്‍ മാത്രമായിരിക്കും ഉള്ളതെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.