അലഹബാദ് ഹൈക്കോടതി ജഡ്ജിയായി ജസ്റ്റിസ് യശ്വന്ത് വര്‍മ ചുമതലയേറ്റു; പ്രതിഷേധമുയര്‍ത്തി ബാര്‍ അസോസിയേഷന്‍

അലഹബാദ് ഹൈക്കോടതി ജഡ്ജിയായി ജസ്റ്റിസ് യശ്വന്ത് വര്‍മ ചുമതലയേറ്റു;

Update: 2025-04-05 15:05 GMT

ലഖ്നൗ: ഔദ്യോഗിക വസതിയില്‍ നിന്നു നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ വിവാദത്തില്‍ പെട്ട ജസ്റ്റിസ് യശ്വന്ത് വര്‍മ അലഹബാദ് ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റു. ഔദ്യോഗിക വസതിയില്‍ നിന്നു നോട്ടുകെട്ടുകള്‍ കണ്ടെത്തിയതിനു പിന്നാലെയാണ് ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന യശ്വന്ത് വര്‍മയെ സ്ഥലം മാറ്റിയത്. ചുമതലയേറ്റെങ്കിലും ജുഡീഷ്യല്‍ ചുമതലയില്‍നിന്നു വിട്ടുനില്‍ക്കും. യശ്വന്ത് വര്‍മ ചുമതലയേറ്റതിനു പിന്നാലെ പ്രതികരണവുമായി അലഹബാദ് ബാര്‍ അസോസിയേഷന്‍ രംഗത്തെത്തി. മാലിന്യം തള്ളാനുള്ള ചവറ്റുകുട്ടയല്ല അലഹാബാദ് ഹൈക്കോടതിയെന്നാണ് ബാര്‍ അസോസിയേഷന്‍ പ്രതികരിച്ചത്.

അലഹബാദ് ഹൈക്കോടതിയിലേക്ക് ജസ്റ്റിസ് വര്‍മയെ സ്ഥലം മാറ്റാനുള്ള നീക്കം നേരത്തെ തന്നെ വിവിധ ബാര്‍ അസോസിയേഷനുകള്‍ എതിര്‍ത്തിരുന്നു. ഔദ്യോഗിക വസതിയോടു ചേര്‍ന്ന സ്റ്റോര്‍ മുറിയില്‍നിന്നു നോട്ടുകെട്ടുകള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുകയാണ് ജസ്റ്റിസ് യശ്വന്ത് വര്‍മ.

ജഡ്ജിയുടെ വസതിയില്‍ തീപിടിക്കുകയും തുടര്‍ന്ന് തീ അണയ്ക്കാനെത്തിയ ഫയര്‍ഫോഴ്സ് സംഘം കെട്ടുകണക്കിനു പണം കണ്ടെത്തുകയുമായിരുന്നു. മാര്‍ച്ച് 14നാണ് ജസ്റ്റിസ് വര്‍മയുടെ ഔദ്യോഗിക വസതിയില്‍നിന്നു നോട്ടുകെട്ടുകള്‍ കണ്ടെടുക്കുന്നത്.

Tags:    

Similar News