'എല്ലാം വെറും ഷോ! അവര്‍ ഒന്നും ചെയ്തില്ല; പൊങ്ങച്ചം കാണിക്കാന്‍ വേണ്ടി, മൂന്നോ നാലോ വിമാനങ്ങള്‍ തലയ്ക്കു മുകളിലൂടെ അയച്ചു, തിരിച്ചുവന്നു'; സൈന്യത്തെ അവഹേളിച്ച് കര്‍ണാടകത്തിലെ കോണ്‍ഗ്രസ് എംഎല്‍എ

'എല്ലാം വെറും ഷോ! അവര്‍ ഒന്നും ചെയ്തില്ല

Update: 2025-05-16 05:44 GMT

ബെംഗളൂരു: പാകിസ്താന്റെ ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനെ അവഹേളിച്ച് കര്‍ണാടകത്തിലെ കോണ്‍ഗ്രസ് എംഎല്‍എ. സൈനിക നടപടികൊണ്ട് ഒരു കാര്യവുമുണ്ടായില്ലെന്നും പഹല്‍ഗാം ആക്രമണത്തിലെ ഇരകളുടെ കുടുംബങ്ങള്‍ക്ക് നീതി ലഭ്യമാക്കുന്നതില്‍ പരാജയപ്പെട്ടുവെന്നുമാണ് ആരോപണം. കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ കോതൂര്‍ മഞ്ജുനാഥാണ് രാജ്യത്തെ സായുധ സേനയ്ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയത്.

''ഒന്നും ചെയ്തില്ല. പൊങ്ങച്ചം കാണിക്കാന്‍ വേണ്ടി, അവര്‍ മൂന്നോ നാലോ വിമാനങ്ങള്‍ തലയ്ക്കു മുകളിലൂടെ അയച്ച് തിരിച്ചുവന്നു. പഹല്‍ഗാമില്‍ കൊല്ലപ്പെട്ട 26 പേര്‍ക്ക് അത് നഷ്ടപരിഹാരമാകുമോ? ഇങ്ങനെയാണോ നമ്മള്‍ ആ സ്ത്രീകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത്? ഇങ്ങനെയാണോ നമ്മള്‍ അവരെ ആശ്വസിപ്പിക്കുന്നത്? ഇങ്ങനെയാണോ നമ്മള്‍ ബഹുമാനം കാണിക്കുന്നത്?'' മഞ്ജുനാഥ് ചോദിച്ചു.

പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി മെയ് ഏഴിന് ഇന്ത്യന്‍ സായുധസേന ഓപ്പറേഷന്‍ സിന്ദൂരിലൂടെ പാകിസ്താനിലെയും പാക് അധിനിവേശ കാശ്മീരിലെയും ഒന്‍പത് ഭീകര താവളങ്ങള്‍ ആക്രമിച്ചിരുന്നു. ഇതില്‍ നൂറിലധികം തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്നും സൈന്യത്തിന്റെ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

ഏപ്രില്‍ 22-ന് ബൈസരന്‍ താഴ്വരയില്‍ നടന്ന ആക്രമണത്തിലെ കുറ്റവാളികള്‍ ഇന്ത്യന്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ ഉണ്ടോ എന്നായിരുന്നു മഞ്ജുനാഥിന്റെ ചോദ്യം. ഇതെല്ലം ഇന്റലിജന്‍സ് പരാജയമാണെന്ന് ആരോപിക്കാനും എംഎല്‍എ മറന്നില്ല.

''നമ്മള്‍ അവരെ ഇവിടെ അടിച്ചു, അവിടെയും അടിച്ചു? എല്ലാ ടിവി ചാനലുകളും വ്യത്യസ്ത കഥകളാണ് പറയുന്നത്. ഒരാള്‍ ഇങ്ങനെ അടിച്ചു എന്ന് പറയുന്നു, മറ്റൊരാള്‍ വേറെ എന്തോ പറയുന്നു. നമ്മള്‍ ആരെയാണ് വിശ്വസിക്കേണ്ടത്? ആരെയാണ് അടിച്ചത്? ആരാണ് മരിച്ചത്? ഔദ്യോഗിക പ്രസ്താവന എവിടെ?'' കോണ്‍ഗ്രസ് എംഎല്‍എ ചോദിച്ചു. കര്‍ണാടകയിലോ, പാകിസ്താനിലോ, ചൈനയിലോ, ബംഗ്ലാദേശിലോ എവിടെയായാലും, സാധാരണക്കാര്‍ക്കെതിരായ ഏത് തരത്തിലുള്ള യുദ്ധത്തെയും കോണ്‍ഗ്രസ് എതിര്‍ക്കുന്നുവെന്നും മഞ്ജുനാഥ് കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News