128 പേര്‍ സാക്ഷികള്‍; ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ ജൂനിയര്‍ ഡോക്ടര്‍ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ വിധി ഇന്ന്; വിധി പ്രഖ്യാപിക്കുന്നത് സംഭവം നടന്ന് അഞ്ച് മാസത്തിന് ശേഷം
കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ ജൂനിയര്‍ ഡോക്ടര്‍ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ വിധി ഇന്ന്. കൊല്‍ക്കത്ത പൊലീസിലെ സിവിക് വോളണ്ടിയര്‍ ആയ സഞ്ജയ് റോയ് ആണ് കേസിലെ പ്രധാനപ്രതി. 128 പേരാണ് സാക്ഷികളായി ഉള്ളത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് മെഡിക്കല്‍ കോളജിലെ പിജി ട്രെയിനി ഡോക്ടര്‍ ഡ്യൂട്ടിയിലിരിക്കെ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ ആരംഭിച്ച ഡോക്ടര്‍മാരുടെ പ്രക്ഷോഭം രാജ്യമാകെ വ്യാപിച്ചിരുന്നു. ബംഗാളില്‍ ജോലി ബഹിഷ്‌കരിച്ച് ഡോക്ടര്‍മാര്‍ സമരം നടത്തി. കേസിലെ പ്രതിയും മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പലുമായ സന്ദീപ് ഘോഷിനും കൊല്‍ക്കത്ത മുന്‍ പൊലീസ് ഓഫീസര്‍ അഭിജിത്ത് മൊണ്ഡലിനും സീല്‍ദാ കോടതി ജാമ്യം അനുവദിച്ചിരുന്നു.
കേസില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പലായ സന്ദീപ് ഘോഷിനെതിരായ ആരോപണം. മൃതദേഹം കണ്ടെത്തിയ ശേഷം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയെന്നതാണ് കൊല്‍ക്കത്ത മുന്‍ പൊലീസ് ഓഫീസര്‍ അഭിജിത്ത് മൊണ്ഡലിനെതിരായ ആരോപണം.
അതേസമയം, മുന്‍ കൊല്‍ക്കത്ത പൊലീസ് കമ്മിഷണര്‍ വിനീത് ഗോയല്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നെന്ന് പ്രതി സഞ്ജയ് റോയി ആരോപിച്ചിരുന്നു. ഇതില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയോട് ഗവര്‍ണര്‍ ഡോ. സിവി ആനന്ദ ബോസ് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.