ജോലിസ്ഥലത്ത് സ്ത്രീകൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന ഏതൊരു പ്രവൃത്തിയും ലൈം​ഗികപീഡനം; പോഷ് നിയമത്തിൽ പറയുന്നത് ഇങ്ങനെ; കൂടുതൽ വ്യക്തത വരുത്തി മദ്രാസ് ഹൈക്കോടതി

Update: 2025-01-24 06:42 GMT

ചെന്നൈ: ജോലിസ്ഥലങ്ങളിൽ സ്ത്രീകൾ നേരിടുന്ന ലൈം​ഗികാതിക്രമങ്ങൾ തടയാനുള്ള പോഷ് നിയമത്തിൽ കൂടുതൽ വ്യക്തത വരുത്തി മദ്രാസ് ഹൈക്കോടതി രംഗത്ത്. ജോലിസ്ഥലത്ത് സ്ത്രീകൾക്ക് ബുദ്ധി മുട്ടുണ്ടാക്കുന്നതോ അസ്വസ്ഥത വരുത്തുന്നതോ ആയ ഏതൊരു പ്രവൃത്തിയും അതിൻ്റെ പിന്നിലെ ഉദ്ദേശ്യം പരി​ഗണിക്കാതെ തന്നെ ലൈം​ഗികപീഡനമായി കണക്കാക്കുമെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി.

എച്ച്.സി.എൽ ടെക്നോളജീസിലെ സർവീസ് ഡെലിവറി മാനേജർ പാർത്ഥസാരഥിക്കെതിരെ അതേ സ്ഥാപനത്തിലെ മൂന്ന് വനിതാ ജീവനക്കാർ നൽകിയ പരാതി ലൈം​ഗിക പീഡനമായി കണക്കാക്കാൻ കഴിയില്ലെന്ന പ്രിൻസിപ്പൽ ലേബർ കോടതിയുടെ വിധി റദ്ദാക്കുന്നതിനിടെയാണ് മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം നടത്തിയത്. പോഷ് നിയമപ്രകാരം ലൈം​ഗിക പീഡനം നിർവചിക്കുമ്പോൾ ആരോപണ വിധേയന്റെ ഉദ്ദേശ്യത്തേക്കാൾ പ്രവൃത്തി നേരിട്ട വനിതക്ക് എന്ത് അനുഭവപ്പെട്ടു എന്നതിനാണ് പ്രാധാന്യം കൊടുക്കുന്നതെന്നും കോടതി വ്യക്തമാക്കി.

ജോലിസ്ഥലത്ത് സ്ത്രീകളുമായി ഇടപഴകുമ്പോൾ നിശ്ചിത മാന്യത ഉറപ്പാക്കണമെന്നും സ്ത്രീകൾക്ക് എങ്ങനെ അത്തരം പ്രവൃത്തികൾ അനുഭവപ്പെടുന്നു എന്നതിൻ്റെ അടിസ്ഥാനത്തിലാണ് മാന്യതയുടെ മാനദണ്ഡങ്ങൾ നിശ്ചയിക്കേണ്ടതെന്നും കോടതി പറഞ്ഞു. ജോലി സമയത്ത് തോളിൽ കൈയിടുകയും ശാരീരിക അളവുകൾ സംബന്ധിച്ച ചോദ്യങ്ങൾ ചോദിച്ച് ബുദ്ധിമുട്ടിക്കുകയും ചെയ്തുവെന്നാണ് വനിതാ ജീവനക്കാർ നൽകിയ പരാതി. 

Tags:    

Similar News