ഭാര്യയ്ക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് സംശയം; നോയിഡയില്‍ ഭര്‍ത്താവ് ഭാര്യയെ ചുറ്റികയ്ക്ക് അടിച്ച് കൊലപ്പെടുത്തി; കൊല്ലപ്പട്ടത് സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ അസ്മ ഖാന്‍

കൊല്ലപ്പട്ടത് സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ അസ്മ ഖാന്‍

Update: 2025-04-05 09:36 GMT

നോയിഡ: ഭാര്യയെ സംശയിച്ച ഭര്‍ത്താവ് ചുറ്റികയ്ക്ക് തലയ്ക്കടിച്ചു കൊലപ്പെടുത്തി. ഭാര്യയ്ക്ക് മറ്റൊരു പുരുഷനോട് അടുപ്പമുണ്ടെന്ന സംശയത്താലാണ് കൊലപാതകം. രണ്ടുപേരും തമ്മിലുണ്ടായ വാക്കു തര്‍ക്കത്തിനിടെ ഭര്‍ത്താവ് നൂറുല്ല ഹൈദര്‍ ഭാര്യ അസ്മാ ഖാനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിക്കുകായിരുന്നു. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം.

സോഫ്റ്റ്വെയര്‍ എഞ്ചിനീയറായിരുന്ന ഭാര്യ അസ്മാ ഖാന്‍ നോയിഡയിലെ സെക്ടര്‍ 62 ലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്നു. ബിഹാര്‍ സ്വദേശിയും എഞ്ചിനീയറിംഗ് ബിരുദധാരിയുമായ പ്രതി നിലവില്‍ തൊഴില്‍രഹിതനാണ്. ദമ്പതികള്‍ തമ്മില്‍ നിരന്തരം വഴക്കിടുമായിരുന്നു എന്നും, പക്ഷേ ഇങ്ങനെ ഒരു കുറ്റകൃത്യം ചെയ്യുമെന്ന് കരുതിയില്ലെന്നും കുടുംബാംഗങ്ങള്‍ പ്രതികരിച്ചു.

ദമ്പതികളുടെ മകനാണ് അമ്മ കൊല്ലപ്പെട്ട വിവരം പൊലീസില്‍ അറിയിക്കുന്നത്. ഇന്ത്യയിലെ അടിയന്തര പ്രതികരണ നമ്പറായ 112ലേക്ക് വിളിച്ചാണ് വിവരം അറിയിച്ചത്. വിവരം ലഭിച്ചയുടന്‍ പൊലീസ് ഉദ്യോഗസ്ഥരും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തുകയും, പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ റംബാദന്‍ സിംഗ് പറഞ്ഞു. ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ഹൈദര്‍ സംശയിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി.

Tags:    

Similar News