'ഞാൻ ഇപ്പൊ ചാടും..എനിക്കിനി വയ്യ'; യുവാവിന്റെ രണ്ടുംകൽപ്പിച്ചുള്ള മറുപടി കേട്ട് വലഞ്ഞ് പോലീസ്; അഞ്ചാം നിലയിൽ നിന്ന് ആത്മഹത്യ ഭീഷണി; എല്ലാത്തിനും കാരണം മിന്നൽ റെയ്ഡ്
അഹമ്മദാബാദ്: പോലീസ് റെയ്‌ഡ് നടക്കുന്നതിനിടെ അഞ്ചാം നിലയിൽ നിന്ന് ചാടുമെന്ന് ഉദ്യോഗസ്ഥർക്കു നേരെ യുവാവിന്റെ ഭീഷണി. സഞ്ജയ്സിംഗ് തോമർ എന്ന അഭിഷേകാണ് റെയ്ഡിന് എത്തിയ പോലീസുകാർക്കു നേരെ ആത്മഹത്യ ഭീഷണി മുഴക്കിയത്. ജൂൺ 7ന് ഗുജറാത്തിലെ അഹമ്മദാബാദിൽ നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വീണ്ടും വൈറലായതോടെയാണ് വിഷയം ചർച്ചയായത്.
കൊലപാതകശ്രമം, കലാപം, അനധികൃത ആയുധങ്ങൾ കൈവശം വയ്ക്കൽ എന്നിവയുൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് അഭിഷേക്. രഹസ്യ വിവരത്തെ തുടർന്ന് ഉദ്യോഗസ്ഥർ ഇയാളുടെ ഫ്ലാറ്റിൽ റെയ്ഡിനെത്തിയത്. പൊലീസ് ഫ്ലാറ്റിൽ എത്തിയപ്പോഴേക്കും അഭിഷേക് വാതിൽ അകത്തു നിന്ന് പൂട്ടി അടുക്കള ബാൽക്കണിയുടെ സൺഷെയ്‌ഡിൽ കയറി നിൽക്കുകയായിരുന്നു.
പോലീസ് സംഘം വാതിൽ തകർത്തത്തോടെ അഭിഷേക് സോഷ്യൽ മീഡിയയിൽ ലൈവ് വീഡിയോയിലൂടെ തന്നെ അറസ്റ്റു ചെയ്താൽ താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കി. ബാൽക്കണിക്കുള്ളിലുണ്ടായിരുന്ന പൊലീസ് സംഘം അഭിഷേകിനെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ ദൃശ്യങ്ങൾ പകർത്തിയത്.
ഉദ്യോഗസ്ഥർ പല രീതിയിലും അഭിഷേകിനോട് സൗമ്യമായി അഭ്യർത്ഥിച്ചെങ്കിലും ഇയാൾ വഴങ്ങിയില്ല. ഒടുവിൽ മൂന്ന് മണിക്കൂറോളം നീണ്ട ബലപ്രയോഗത്തിലൂടെ പ്രതിയെ പോലീസ് കീഴ്‌പ്പെടുത്തി അറസ്റ്റു ചെയ്യുകയായിരുന്നു.