'ഗ്യാൻവാപി മസ്ജിദ് മഥുര ഈദ്ഗാഹ് തർക്കങ്ങളിൽ ആർ.എസ്.എസ് നേരിട്ട് ഇടപെടില്ല, അത് മുസ്ലീങ്ങൾ ഹിന്ദുക്കൾക്ക് വിട്ടുനൽകണം'; തർക്കങ്ങളിൽ ഇടപെടാൻ സംഘ സ്വയംസേവകർക്ക് പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്ന് മോഹൻ ഭാഗവത്
ദില്ലി: വാരണാസിയിലെ ഗ്യാൻവാപി മസ്ജിദും മഥുരയിലെ ഈദ്ഗാഹും ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കണമെന്ന ആവശ്യം ആർ.എസ്.എസ്. പിന്തുണയ്ക്കുന്നതായി മോഹൻ ഭാഗവത്. ഈ സ്ഥലങ്ങൾക്കായുള്ള ഏത് പ്രസ്ഥാനമായും സഹകരിക്കാൻ സംഘ സ്വയംസേവകർക്ക് പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻപ്, അയോധ്യ രാമക്ഷേത്ര വിധിക്ക് ശേഷം കാശി, മഥുര വിഷയങ്ങളിൽ ആർ.എസ്.എസ്. നേരിട്ട് പ്രക്ഷോഭങ്ങൾ ഏറ്റെടുക്കില്ലെന്ന് മോഹൻ ഭാഗവത് സൂചിപ്പിച്ചിരുന്നു. എന്നാൽ, ഇപ്പോഴത്തെ പ്രസ്താവനയിൽ ഈ നിലപാടിൽ മാറ്റം വന്നിരിക്കുകയാണ്. ഗ്യാൻവാപി, മഥുര എന്നിവിടങ്ങളിലെ തർക്കങ്ങളിൽ സംഘ് നേരിട്ട് ഇടപെടില്ലെങ്കിലും, വ്യക്തികളെന്ന നിലയിൽ സ്വയംസേവകർക്ക് സഹകരിക്കാമെന്ന് അദ്ദേഹം അറിയിച്ചു.
ഹിന്ദു ഹൃദയങ്ങളിൽ അയോധ്യ പോലെ തന്നെ കാശിയും മഥുരയും പ്രധാനപ്പെട്ട സ്ഥലങ്ങളാണെന്നും, ഈ സ്ഥലങ്ങൾക്കായി ഹിന്ദു സമൂഹം ആവശ്യപ്പെടുന്നത് സ്വാഭാവികമാണെന്നും ഭാഗവത് പറഞ്ഞു. അതേസമയം, എല്ലാ ഇടങ്ങളിലും ശിവലിംഗം കണ്ടെത്താൻ ശ്രമിക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മുസ്ലീങ്ങൾ സ്വമേധയാ ഈ സ്ഥലങ്ങൾ വിട്ടുകൊടുക്കുന്ന പക്ഷം, അത് സാഹോദര്യത്തിലേക്കുള്ള ഒരു വലിയ ചുവടുവയ്പ്പാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.