പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം അന്‍പത് കഷണങ്ങളാക്കി; ഇറച്ചിവെട്ടുകാരനായ യുവാവ് അറസ്റ്റില്‍
പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം അന്‍പത് കഷണങ്ങളാക്കി; ഇറച്ചിവെട്ടുകാരനായ യുവാവ് അറസ്റ്റില്‍
റാഞ്ചി: പങ്കാളിയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം 40-50 കഷ്ണങ്ങളാക്കി മുറിച്ച് കാട്ടില്‍ തള്ളിയ യുവാവ് അറസ്റ്റില്‍. സംഭവത്തില്‍ നരേഷ് ഭെന്‍ഗ്ര (25) എന്ന ഇറച്ചിവെട്ടുകാരനാണ് അറസ്റ്റിലായത്. വിവാഹിതനായെന്ന വിവരം മറച്ചുവെ്ക്കാനാണ് കൊല നടത്തിയത്. തെരുവുനായ മനുഷ്യന്റെ ശരീരഭാഗങ്ങള്‍ കടിച്ചുനടക്കുന്നതു ശ്രദ്ധിച്ചപ്പോഴാണു സംഭവം പുറത്തറിഞ്ഞത്. കൊലപാതകത്തിന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് നായ ശരീരഭാഗം കടിച്ച് എത്തിയത്.
24 വയസ്സുള്ള തമിഴ്‌നാട്ടുകാരിയായ യുവതിയാണ് കൊല്ലപ്പെട്ടത്. യുവതിയുമായി നരേഷ് രണ്ട് വര്‍ഷമായി അടുപ്പത്തിലായിരുന്നു. കുറച്ചുകാലം മുന്‍പ് ഇയാള്‍ തന്റെ പങ്കാളിയോടു പറയാതെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. യുവതി നരേഷിന്റെ വീട്ടിലേക്ക് പോകാന്‍ ആഗ്രഹിച്ചു. എന്നാല്‍ ഭാര്യ ഈ വിവരം അറിയുമെന്നതിനാല്‍ പങ്കാളിയെ ക്രൂരമായി കൊല്ലുകയായിരുന്നു. ഇയാള്‍ തമിഴ്നാട്ടിലെ ഇറച്ചിക്കടയില്‍ ജോലി ചെയ്യുന്ന ആളാണെന്നും മാംസം മുറിക്കുന്നതില്‍ വിദഗ്ധനാണെന്നും കേസ് അന്വേഷിച്ച ഇന്‍സ്പെക്ടര്‍ അശോക് സിങ് പറഞ്ഞു. യുവതിയുടെ ശരീരഭാഗങ്ങള്‍ കഷ്ണങ്ങളാക്കി മുറിച്ചതായി ഇയാള്‍ സമ്മതിച്ചു.
കാട്ടിലെ വന്യമൃഗങ്ങള്‍ മൃതദേഹം ഭക്ഷിക്കുന്നതിനു മുന്‍പു തെരുവുനായ മൃതദേഹം കൈക്കലാക്കിയതാണു കേസില്‍ വഴിത്തിരിവായത്. നിരവധി ശരീരാവശിഷ്ടങ്ങള്‍ പൊലീസ് കണ്ടെടുത്തു. താന്‍ ട്രെയിനില്‍ കയറിയെന്നും പങ്കാളിക്കൊപ്പം താമസിക്കുമെന്നും യുവതി അമ്മയെ അറിയിച്ചിരുന്നുവെന്നു പൊലീസ് പറഞ്ഞു. ശരീരഭാഗങ്ങള്‍ കണ്ടെടുത്തതിനു പിന്നാലെ യുവതിയുടെ ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ളവ അടങ്ങിയ ബാഗും വനത്തില്‍നിന്നു കണ്ടെത്തി. യുവതിയുടെ അമ്മയെ സംഭവസ്ഥലത്ത് എത്തിച്ചപ്പോള്‍ അവര്‍ മകളുടെ സാധനങ്ങള്‍ തിരിച്ചറിഞ്ഞു.