യുപിയില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; ഭാര്യ അറസ്റ്റില്‍; കൊലപാതകമെന്ന് തെളിഞ്ഞത് മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയപ്പോള്‍
യുപിയില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; ഭാര്യ അറസ്റ്റില്‍;
രാംപൂര്‍: ഉത്തര്‍പ്രദേശിലെ രാംപൂരില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭാര്യ അറസ്റ്റിലായി. ബിലാസ്പുര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മുണ്ടിയ ഖുര്‍ദ് ഗ്രാമത്തിലാണ് സംഭവം. കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന മക്കളുടെ പങ്ക് സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.
വിജേന്ദ്ര എന്നയാളാണ് കൊല്ലപ്പെട്ടത്. തന്റെ അനുവാദമില്ലാതെ ഭാര്യയും മക്കളും പലകാര്യങ്ങളിലും ഏര്‍പ്പെടുന്നു എന്നാരോപിച്ച് വിജേന്ദ്ര വീട്ടില്‍ വഴക്കുണ്ടാക്കുമായിരുന്നു. ഇതിനെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഇവരുടെ വീട്ടില്‍ നിരന്തരം വഴക്കുണ്ടായിരുന്നതായി വിജേന്ദ്രയുടെ സഹോദരന്‍ ജോഗീന്ദര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
മരണത്തിന് രണ്ട് ദിവസം മുമ്പ് ഇവര്‍ തമ്മില്‍ വലിയ തര്‍ക്കമുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് കൊലപാതകം നടന്നത്. വിജേന്ദ്രയുടെ കൈകളും കാലുകളും കെട്ടിയിട്ട്, വയറ്റില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തിയ നിലയിലാണ് അടുത്ത ദിവസം രാവിലെ കണ്ടതെന്ന് സഹോദരന്‍ പൊലീസിനെ അറിയിച്ചു.
മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയപ്പോള്‍ കഴുത്തുഞെരിച്ചാണ് മരണം സംഭവിച്ചതെന്ന് സ്ഥിരീകരിച്ചു. ഭാര്യയെ ചോദ്യം ചെയ്തപ്പോള്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയതായി ഇവര്‍ കുറ്റസമ്മതം നടത്തി. ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന രണ്ട് പെണ്‍മക്കളുടെ പങ്ക് സംബന്ധിച്ചുള്ള അന്വേഷണം നടന്നുവരികയാണെന്ന് രാംപൂര്‍ അഡീഷണല്‍ സൂപ്രണ്ട് ഓഫ് പൊലീസ് അനുരാഗ് സിംഗ് അറിയിച്ചു.