കടം ചോദിച്ച തുക നൽകാത്തതിൽ പ്രതികാരം; യുവാവിനെ ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി; മൃതദേഹം സെപ്റ്റിക് ടാങ്കിൽ ഉപേക്ഷിച്ചു; പ്രതി പിടിയിൽ
ന്യൂഡൽഹി: പതിനായിരം രൂപ കടം കൊടുക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് സഹപ്രവർത്തകനായ യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ ഒളിപ്പിച്ച കേസിൽ 47കാരൻ പിടിയിൽ. ഉത്തർപ്രദേശ് സ്വദേശിയായ ചന്ദ്രപ്രകാശിനെ (47) പോലീസ് അറസ്റ്റ് ചെയ്തത്. സീതാറാം എന്ന വ്യക്തിയെ ആണ് ചന്ദ്ര പ്രകാശ് കൊലപ്പെടുത്തിയത്. ഛത്തർപുരിലെ ഫാംഹൗസിലാണ് ഇരുവരും ജോലി ചെയ്തിരുന്നത്. സീതാറാമിനെ കാണാനില്ലെന്ന പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
ഫാംഹൗസിൽ ഡ്രൈവറായിരുന്നു ചന്ദ്ര പ്രകാശ്. സീതാറാമിൽ നിന്നും ഇയാൾ പതിനായിരം രൂപ കടമായി ആവശ്യപ്പെട്ടിരുന്നു. പണം നൽകാൻ സീതാറാം വിസമ്മതിച്ചപ്പോൾ ഇരുവരും തമ്മിൽ രൂക്ഷമായ തർക്കം ഉണ്ടായി. തുടർന്ന് ചന്ദ്രപ്രകാശ് ചുറ്റികയെടുത്ത് സീതാറാമിന്റെ തലയിൽ അടിക്കുകയായിരുന്നു. ശേഷം മൃതദേഹം സെപ്റ്റിക് ടാങ്കിൽ ഒളിപ്പിച്ചശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു. സീതാറാമിനെ കാണാനില്ലെന്ന പരാതി പോലീസിനു ലഭിച്ചിരുന്നു. മെഹ്റോളി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഫാംഹൗസിനുള്ളിലെ സെപ്റ്റിക് ടാങ്കിൽ നിന്നാണ് സീതാറാമിന്റെ മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ 10 വർഷമായി ഛത്തർപിരിലെ സ്വകാര്യ ഫാംഹൗസിൽ ജീവനക്കാരനാണ് സീതാറാം. കൊലപാതകത്തിനു ശേഷം ഒളിവിൽപോയ ചന്ദ്രപ്രകാശിനെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് കണ്ടെത്തിയത്. പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ കൊലപാതകം നടത്താൻ ഉപയോഗിച്ച ആയുധം പരിസരത്ത് നിന്ന് കണ്ടെടുത്തു. സംഭവത്തിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കുകയാണെന്നും പോലീസ് പറഞ്ഞു.