ഹൃദയാഘാതം മൂലം മുംബൈയില്‍ പ്രതിദിനം 27 മരണങ്ങള്‍: ഞെട്ടിക്കുന്ന കണക്ക് പുറത്ത് വിട്ട് നഗരസഭ
ഹൃദയാഘാതം മൂലം മുംബൈയില്‍ പ്രതിദിനം 27 മരണങ്ങള്‍
മുംബൈ: ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയില്‍ പ്രതിദിനം ഇരുപത്തിയേഴു മരണങ്ങളെന്ന് റിപ്പോര്‍ട്ട്. നഗരസഭയാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. നഗരത്തില്‍ ഓരോ 55 മിനിറ്റിലും ഒരാള്‍ക്ക് ഹൃദയാഘാതം ഉണ്ടാകുന്നുവെന്നും നഗരസഭയുടെ ആരോഗ്യവിഭാഗം പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോക ഹൃദയാരോഗ്യദിനത്തോടനുബന്ധിച്ചായിരുന്നു നഗരസഭ ഈ കണക്കുകള്‍ പുറത്തുവിട്ടത്. 2022-ല്‍ നഗരത്തിലെ മൊത്തം മരണങ്ങളില്‍ 10 ശതമാനം ഹൃദയാഘാതം മൂലമാണ്. 2023-ല്‍ അത് 11 ശതമാനമായി ഉയര്‍ന്നു. 40 വയസ്സിനു താഴെയുള്ളവരില്‍ രക്തസമ്മര്‍ദവും പ്രമേഹവും വര്‍ധിച്ചുവരുന്നതായി സര്‍വേയില്‍ വ്യക്തമാകുന്നതായും ആരോഗ്യവിഭാഗം അറിയിച്ചു.
കഴിഞ്ഞ 18 മാസത്തിനുള്ളില്‍ 21.6 ലക്ഷം ആളുകളെ ഉള്‍പ്പെടുത്തി നടത്തിയ ഡോര്‍ ടു ഡോര്‍ സ്‌ക്രീനിങ് പ്രോഗ്രാമില്‍ ഉയര്‍ന്ന രക്തസമ്മര്‍ദമുണ്ടെന്ന് അറിയാത്ത 18,000 മുംബൈക്കാരെ കണ്ടെത്തി. 18-നും 69-നുമിടയില്‍ പ്രായമുള്ള മുംബൈക്കാരില്‍ 34 ശതമാനംപേര്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദമുണ്ടെന്നും 18 ശതമാനംപേര്‍ക്ക് പ്രമേഹമുണ്ടെന്നും 21 ശതമാനംപേര്‍ ഉയര്‍ന്ന അളവിലുള്ള കൊളസ്ട്രോള്‍ ഉള്ളവരാണെന്നും സര്‍വേ വ്യക്തമാക്കുന്നു.