ആന്ധ്ര പ്രദേശിൽ പുതിയ മദ്യ നയം; 99 രൂപ മുതൽ മദ്യം ലഭ്യമാക്കാൻ സർക്കാർ; വ്യാജ മദ്യം തടയുക ലക്ഷ്യം

Update: 2024-10-02 06:12 GMT

അമരാവതി: വ്യാജ മദ്യം തടയുക എന്ന ലക്‌ഷ്യം മുൻനിർത്തി ആന്ധ്ര പ്രദേശിൽ പുതിയ മദ്യ നയം പ്രഖ്യാപിച്ചു. 99 രൂപ മുതൽ അടിസ്ഥാന വിലയ്ക്ക് മദ്യം ലഭ്യമാക്കുമെന്നാണ് അറിയിപ്പ്. പുതിയ മദ്യ നയം നടപ്പിലാക്കുന്നതോടെ 5500 കോടി രൂപയുടെ വരുമാനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി 3736 റീടെയിൽ ഔട്‍ലെറ്റുകൾ സർക്കാർ സ്വകാര്യ മേഖലയിലേക്ക് മാറ്റും. പുതിയ മദ്യ നയം ഒക്ടോബർ 12 മുതൽ നിലവിൽ വരും.

പുതിയ നയത്തിലൂടെ, കുറഞ്ഞ വരുമാനമുള്ള വിഭാഗങ്ങൾക്ക് താങ്ങാനാവുന്ന വിലക്ക് മദ്യം ലഭ്യമാക്കുകയാണ് ലക്‌ഷ്യം. ഇതോടെ മദ്യ വില താങ്ങാനാവാതെ വ്യാജ മദ്യം തേടിപ്പോക്കുന്ന പ്രവണതക്കും തടയിടാനാവും. വ്യാജ മദ്യ ദുരന്തമുണ്ടാകാതിരിക്കാനും ഇത് സഹായിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷമായുള്ള മദ്യവിൽപ്പനയിലെ വരുമാനത്തിലുണ്ടായ ഇടിവ് നികത്താൻ കഴിയുമെന്ന് സർക്കാർ കണക്കുകൂട്ടുന്നു. അടുത്ത രണ്ട് വർഷത്തേക്കുള്ള മദ്യനയമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

മുൻ വൈഎസ്ആർ കോൺഗ്രസ് സർക്കാർ സ്വകാര്യ ഡീലർമാരിൽ നിന്ന് മദ്യവിൽപ്പന ഏറ്റെടുത്തിരുന്നു. എപി സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ വഴിയാണ് മദ്യ വിൽപ്പന നടത്തിയിരുന്നത്. ഈ നയം സെപ്റ്റംബർ 30 ന് അവസാനിച്ചു. പിന്നാലെയാണ് പുതിയ മദ്യ നയം പ്രഖ്യാപിച്ചത്.

വൈൻ ഷോപ്പുകൾ തുടങ്ങാനും സർക്കാർ സ്വകാര്യ മേഖലയിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുത്ത ഡീലർമാർ 50 ലക്ഷം രൂപ മുതൽ 85 ലക്ഷം രൂപ വരെ എക്സൈസ് നികുതി അടയ്ക്കണം. രണ്ട് വർഷത്തിനിടെ 12 തവണയായി അടയ്ക്കാം. 12 പ്രീമിയം ഷോപ്പുകൾക്ക് ഒരു കോടി രൂപ ലൈസൻസ് ഫീസോടെ അഞ്ച് വർഷത്തെ കാലാവധിയുള്ള ലൈസൻസും സർക്കാർ അനുവദിക്കും.

പ്രീമിയം സ്റ്റോറുകൾ പ്രധാന മുനിസിപ്പൽ കോർപ്പറേഷൻ നഗരങ്ങളായ വിജയവാഡ, വിശാഖപട്ടണം, രാജമഹേന്ദ്രവാരം, കാക്കിനട, ഗുണ്ടൂർ, നെല്ലൂർ, കുർണൂൽ, കടപ്പ, അനന്തപൂർ അല്ലെങ്കിൽ സംസ്ഥാന സർക്കാർ നിർദ്ദേശിക്കുന്ന മറ്റ് നഗരങ്ങളിൽ തുറക്കാനാണ് പദ്ധതിയിടുന്നത്.

Tags:    

Similar News