'പഴയ പാമ്പൻ പാലം ഇനി ചരിത്ര ശേഷിപ്പ്'; രാമേശ്വരത്തെ പുതിയ പാമ്പൻ കടല്‍പ്പാലത്തിലൂടെ കുതിച്ചെത്തി ട്രെയിൻ; പരീക്ഷണ ഓട്ടം വൻ വിജയം

Update: 2024-11-14 09:13 GMT

ചെന്നൈ: രാമേശ്വരത്തെ പഴയ പാമ്പൻ പാലം ഇനി ചരിത്രമാകും. പുതിയ പാമ്പൻ കടൽപ്പാലത്തിലൂടെയുള്ള ട്രെയിനിന്‍റെ അതിവേഗ പരീക്ഷണ ഓട്ടം വൻ വിജയമെന്ന് അധികൃതർ. ദക്ഷിണ മേഖലാ റെയിൽവേ സുരക്ഷാ കമ്മീഷണർ എ.എം.ചൗധരിയുടെ മേൽനോട്ടത്തിലാണ് പരിശോധന നടത്തിയത്.

മണ്ഡപം- പാമ്പൻ റെയില്‍വെ സ്റ്റേഷനുകൾക്കിടയിലാണ് അതിവേഗം ട്രെയിൻ ഓടിച്ചത്. പഴയ പാമ്പൻ പാലത്തിന് സമാന്തരമായാണ് പുതിയ പാലം നിര്‍മിച്ചിരിക്കുന്നത്. പുതിയ പാമ്പൻ പാലം ട്രെയിൻ സര്‍വീസിനായി തുറന്നുകൊടുക്കുന്നതോടെ പഴയ പാലം ഇനി ഓര്‍മയാകും.

പുത്തൻ പാലം ട്രെയിൻ ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതിന് മുൻപുളള അവസാന നടപടിക്രമമാണ് വിജയകരമായി ഇപ്പോൾ പൂർത്തിയായത്. സുരക്ഷാ കമ്മീഷണർ റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം പാലത്തിന്‍റെ ഉദ്ഘാടന തീയതി തീരുമാനിക്കുമെന്നും അറിയിച്ചു.

കപ്പലുകൾക്ക് കടന്നുപോകാൻ ഒരുഭാഗം ലംബമായി ഉയരുന്ന രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്ടിംഗ് കടൽപ്പാലമാണ് പാമ്പനിലേത്. റെയിൽവേ എഞ്ചിനീയറിങ്വിഭാഗം 535 കോടി രൂപ ചെലവിലാണ് പാലം നിർമിച്ചിരിക്കുന്നത്. ചിലപ്പോൾ ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ പ്രധാനമന്ത്രി നരേന്ദ്രമോദി പാലം ഉദ്ഘാടനം ചെയ്യുമെന്നാണ് സൂചനകൾ ലഭിക്കുന്നത്.

Tags:    

Similar News