ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ മൃതദേഹം കണ്ടെത്താന്‍ സാധിച്ചത് കര്‍ണാടക സര്‍ക്കാരിന്റെ പിന്തുണകൊണ്ടെന്ന് എം.കെ രാഘവന്‍ എം.പി.

സിദ്ധാരാമയ്യക്കും ശിവകുമാറിനും സതീഷ് സെയ്ലിനും നന്ദി

Update: 2024-09-25 17:12 GMT

കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ മൃതദേഹം കണ്ടെത്താന്‍ സാധിച്ചത് കര്‍ണാടക സര്‍ക്കാരിന്റെ പിന്തുണ കൊണ്ടാണെന്ന് എം.കെ രാഘവന്‍ എം.പി. ആദ്യമായി വിഷയം സൂചിപ്പിച്ചത് മുതല്‍ അര്‍ജുന്റെ കുടുംബത്തിന്റെ വിഷമം തിരിച്ചറിഞ്ഞ് അവരുടെ വികാരത്തോടൊപ്പം നില്‍ക്കാന്‍ സാധിച്ചതില്‍ ചാരിതാര്‍ഥ്യമുണ്ട്. മുഖ്യമന്ത്രി സിദ്ധാരാമയ്യക്കും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനും കാര്‍വാര്‍ എം.എല്‍.എ സതീഷ് സെയ്ലിനും ജില്ലാ ഭരണകൂടത്തിനും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ജൂലൈ 18-ന് വൈകിട്ട് 6.45 -ന് അര്‍ജുന്റെ കുടുംബം എം.പി ഓഫീസിലെത്തി വിഷയം സൂചിപ്പിച്ചതുമുതല്‍ കുടുംബത്തിന്റെ മുഴുവന്‍ ആവശ്യങ്ങള്‍ക്കുമൊപ്പം നില്‍ക്കാന്‍ സാധിച്ചു. ആദ്യ രണ്ട് ഘട്ടങ്ങളിലെയും തിരച്ചിലുകള്‍ വിഫലമായപ്പോള്‍ തിരച്ചില്‍ തുടരാന്‍ ഗോവയില്‍ നിന്നും ഡ്രഡ്ജര്‍ എത്തിക്കാനുള്ള ശ്രമം നടത്തി. അര്‍ജുന്റെ ബന്ധുവിനും എ.കെ.എം അഷ്റഫ് എം.എല്‍.എക്കുമൊപ്പം ബെംഗളൂരുവില്‍ പോയി മുഖ്യമന്ത്രിയെ നേരില്‍ കണ്ട് സ്വകാര്യ കമ്പനിയുടെ ഡ്രഡ്ജര്‍ ഉപേയാഗിച്ചുള്ള തിരച്ചിലുകള്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം നല്‍കാന്‍ കര്‍ണാടക സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതിനാവശ്യമായ നിര്‍ദേശങ്ങള്‍ ഉടനടി മുഖ്യമന്ത്രി സിദ്ധാരാമയ്യ നല്‍കിയതും ഡ്രഡ്ജര്‍ ലഭിച്ചതും ഏറെ ഗുണകരമായി, എം.കെ രാഘവന്‍ എം.പി പറഞ്ഞു.

നേവി, ആര്‍മി, എസ്.ഡി.ആര്‍.എഫ്, എന്‍.ഡി.ആര്‍.എഫ്, സാങ്കേതിക വിദഗ്ധര്‍ തുടങ്ങിയ എല്ലാ കേന്ദ്ര സംസ്ഥാന ഏജന്‍സികളെയും ലഭ്യമാക്കിയതും ഇതിനാവശ്യമായ സാമ്പത്തിക ബാധ്യതകള്‍ ഏറ്റെടുത്തതും കര്‍ണാടക സര്‍ക്കാരാണ്. മൃതദേഹമെങ്കിലും കണ്ടെത്താന്‍ സാധിച്ചത് ആശ്വാസകരമാണെന്നും മാസങ്ങളോളം കൂടെനിന്ന കര്‍ണാടക സര്‍ക്കാരിനോട് ഏറെ കടപ്പാടുണ്ടെന്നും എം.പി കൂട്ടിച്ചേര്‍ത്തു.

ജൂലായ് 16-നാണ് മണ്ണിടിച്ചിലില്‍ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശിയായ അര്‍ജുനെ ലോറിയോടൊപ്പം കാണാതായത്. പലഘട്ടങ്ങളിലായി നടത്തിയ തിരിച്ചിലിനൊടുവില്‍ 71 ദിവസത്തിന് ശേഷം ബുധനാഴ്ച ഉച്ചയോടെയാണ് അര്‍ജുന്റെ ലോറി ഗംഗാവലി പുഴയില്‍നിന്ന് കണ്ടെടുക്കുന്നത്. ലോറിയുടെ കാബിനുള്ളിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. മൃതദേഹം അര്‍ജുന്റേത് തന്നെയെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണത്തിന് ഡിഎന്‍എ പരിശോധനാ ഫലം ലഭ്യമാകണം.

Tags:    

Similar News