പ്രസിഡന്റായതു മുതല്‍ പടയൊരുക്കം; ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനെ സസ്‌പെന്‍ഡ് ചെയ്‌തേക്കാമെന്ന് പി ടി ഉഷ; പിന്നാലെ ഒളിമ്പിക് സോളിഡാരിറ്റി ഗ്രാന്റുകളില്‍ ഇന്ത്യക്കുള്ള വിഹിതം തടഞ്ഞ് ഐഒസി

പി.ടി. ഉഷയ്ക്കെതിരേ അവിശ്വാസപ്രമേയത്തിന് നീക്കം

Update: 2024-10-11 14:23 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനിലെ ആഭ്യന്തര തര്‍ക്കത്തെ തുടര്‍ന്ന് കായിക വികസന പദ്ധതികള്‍ക്കായുള്ള ഒളിമ്പിക് സോളിഡാരിറ്റി ഗ്രാന്റുകളില്‍ ഇന്ത്യക്കുള്ള വിഹിതം തടഞ്ഞുവയ്ക്കാന്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി തീരുമാനിച്ചു. ഒക്ടോബര്‍ എട്ടിന് ചേര്‍ന്ന അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ എക്സിക്യുട്ടീവ് ബോര്‍ഡ് യോഗത്തിന്റെ തീരുമാനം ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി.ഉഷയെ കത്തിലൂടെ അറിയിച്ചു.

'എക്‌സിക്യൂട്ടീവ് കൗണ്‍സിലിനുള്ളില്‍ ഉന്നയിക്കപ്പെട്ട നിരവധി പരസ്പര ആരോപണങ്ങള്‍ ഉള്‍പ്പെടെ, ഐഒഎ അഭിമുഖീകരിക്കുന്ന വ്യക്തമായ ആഭ്യന്തര തര്‍ക്കങ്ങളും ഭരണ പ്രശ്‌നങ്ങളുണ്ട്. ഈ സാഹചര്യം വളരെയധികം അനിശ്ചിതത്വം സൃഷ്ടിക്കുന്നു, വ്യക്തത ആവശ്യമാണ്, അതിനാല്‍ കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നതുവരെ, ഒളിമ്പിക് സ്‌കോളര്‍ഷിപ്പുകള്‍ വഴി നേരിട്ടുള്ള പണം നല്‍കുന്നതൊഴികെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനുള്ള ഫണ്ട് തടയുന്നു' എഒസി കത്തിലൂടെ അറിയിച്ചു.

അസോസിയേഷനിലെ തര്‍ക്കങ്ങള്‍ക്കിടെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ (ഐ.ഒ.എ.) ആദ്യ വനിതാപ്രസിഡന്റായി ചുമതലയേറ്റ് രണ്ടുവര്‍ഷം തികയുംമുന്‍പ് പി.ടി. ഉഷയ്ക്കെതിരേ അവിശ്വാസപ്രമേയത്തിന് നീക്കവും നടക്കുന്നുണ്ട്.

25-ന് നടക്കുന്ന പ്രത്യേക ജനറല്‍ബോഡി (എസ്.ജി.എം.) യോഗത്തിലെ അജന്‍ഡയില്‍ ഉഷയ്ക്കെതിരായ അവിശ്വാസപ്രമേയവുമുണ്ടെന്നുകാട്ടി അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി കല്യാണ്‍ ചൗബേ സര്‍ക്കുലര്‍ ഇറക്കി. എന്നാല്‍, ആക്ടിങ് സി.ഇ.ഒ. ചമഞ്ഞ് എസ്.ജി.എം. വിളിക്കാനോ അജന്‍ഡ പുറത്തിറക്കാനോ ചൗബേയെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ഉഷ വ്യക്തമാക്കി. ആക്ടിങ് സി.ഇ.ഒ. ചമഞ്ഞ് ആള്‍മാറാട്ടം നടത്തുന്ന ചൗബേയുടെ നടപടി നിയമവിരുദ്ധവും സംഘടനയുടെ ഭരണഘടനയെ ലംഘിക്കുന്നതുമാണെന്നും പത്രക്കുറിപ്പില്‍ പറഞ്ഞു.

ഭിന്നത തുടര്‍ന്നാല്‍ രാജ്യാന്തര ഒളിംപിക് കമ്മിറ്റി ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനെ സസ്‌പെന്‍ഡ് ചെയ്‌തേക്കാമെന്ന് പി.ടി.ഉഷ മുന്നറിയിപ്പ് നല്‍കിയിരുന്നു. തന്നെ വിശ്വാസത്തിലെടുത്താണ് നടപടി എടുക്കാത്തത്. ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റായി ചുമതയേറ്റെടുത്തതു മുതല്‍ പടയൊരുക്കം ഉണ്ടായിരുന്നു.

ക്രമക്കേടുകളും സ്വാര്‍ഥതാല്‍പര്യങ്ങളും അനുവദിക്കാത്തതാണ് എക്‌സിക്യുട്ടീവ് കമ്മിറ്റിയിലെ ഒരുവിഭാഗത്തിന്റെ എതിര്‍പ്പിന് കാരണമെന്നും തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തും. പ്രശ്‌നപരിഹാരത്തിന് കായിമന്ത്രാലയത്തെ സമീപിച്ചിട്ടില്ലെന്നും പി.ടി.ഉഷ പറഞ്ഞു

Tags:    

Similar News