ജമ്മു കശ്മീരിന്റെ സംസ്ഥാനപദവി പുന:സ്ഥാപിക്കണം: സര്‍ക്കാര്‍ പാസാക്കിയ പ്രമേയത്തിന് അംഗീകാരം നല്‍കി ലഫ്റ്റനന്റ് ഗവര്‍ണര്‍; കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് ഒമര്‍ അബ്ദുള്ള ഡല്‍ഹിയിലേക്ക്

ആദ്യ നിയമസഭാ സമ്മേളനത്തിന് നവംബര്‍ നാലിന് തുടക്കമാകും

Update: 2024-10-19 11:17 GMT

ജമ്മു കശ്മീരിന്റെ സംസ്ഥാനപദവി പുന:സ്ഥാപിക്കണം: സര്‍ക്കാര്‍ പാസാക്കിയ പ്രമേയത്തിന് അംഗീകാരം നല്‍കി ലഫ്റ്റനന്റ് ഗവര്‍ണര്‍; കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് ഒമര്‍ അബ്ദുള്ള ഡല്‍ഹിയിലേക്ക്കശ്മീര്‍: ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ പാസാക്കിയ പ്രമേയത്തിന് അംഗീകാരം നല്‍കി ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ. സംസ്ഥാന പദവി സംബന്ധിച്ച വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്ര മന്ത്രിമാരെയും കാണാന്‍ ഒമര്‍ അബ്ദുള്ള വരുംദിവസങ്ങളില്‍ ഡല്‍ഹി സന്ദര്‍ശിക്കുമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒമര്‍ അബ്ദുള്ളയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് സംസ്ഥാന പദവി അതിന്റെ യഥാര്‍ഥ രൂപത്തില്‍ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഐകകണ്ഠേന പ്രമേയം പാസാക്കിയത്. തുടര്‍ന്ന് പ്രമേയത്തിന് അംഗീകാരം നല്‍കാനായി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് അയച്ചിരുന്നു. ഇതില്‍ ഇന്ന് മനോജ് സിന്‍ഹ ഒപ്പുവച്ചതായി പിടിഐയാണ് റിപ്പോര്‍ട്ട് ചെയ്തത്.

''ഭരണഘടനാപരമായ അവകാശങ്ങള്‍ വീണ്ടെടുക്കുന്നതിനും ജമ്മുകശ്മരിലെ ജനങ്ങളുടെ വ്യക്തിത്വം സംരക്ഷിക്കുന്നതിനുമുളള ഒരു പ്രക്രിയയുടെ തുടക്കമായിരിക്കും സംസ്ഥാന പദവി പുനഃസ്ഥാപനം. ഇതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കേന്ദ്ര സര്‍ക്കാരുമായും വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിക്ക് ജമ്മുകശ്മീര്‍ മന്ത്രിസഭ പരിപൂര്‍ണ അധികാരം നല്‍കുന്നു''-എന്നാണ് പ്രമേയത്തില്‍ പറയുന്നത്.

ജമ്മുകശ്മീരിന്റെ തനതായ വ്യക്തിത്വത്തിന്റെയും ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളുടെയും സംരക്ഷണം പുതുതായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും പ്രമേയത്തില്‍ പറയുന്നു.

അതേസമയം ജമ്മു കശ്മീരില്‍ ഒമര്‍ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ അധികാരമേറ്റ ശേഷം നടക്കുന്ന ആദ്യ നിയമസഭാ സമ്മേളനത്തിന് ലഫ്റ്റനന്റ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നവംബര്‍ നാലിന് തുടക്കമാകും. നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടരൂപവും കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ വച്ചിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് തീരുമാനം പിന്നീടത്തേക്കു മാറ്റി.

Tags:    

Similar News