വീട്ടില്‍ രാസലഹരി ഉല്‍പാദിപ്പിച്ച് വില്‍പന നടത്തി; കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ അറസ്റ്റില്‍; ഒരുകോടി രൂപ വിലവരുന്ന മെത്താഫെറ്റമിന്‍ പിടികൂടി
ഇംഗ്ലീഷ് ടി.വി സീരീസ് കണ്ട് വീട്ടില്‍ ലാബ് ഒരുക്കി
ചെന്നൈ: തമിഴ്‌നാട് കൊടുങ്ങയ്യൂരില്‍ വീട്ടില്‍ രാസലഹരി ഉല്‍പാദിപ്പിച്ച് വില്‍പന. സംഭവത്തില്‍ അഞ്ച് കോളജ് വിദ്യാര്‍ഥികളടക്കം ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍നിന്ന് ഒരുകോടി രൂപ വിലവരുന്ന മെത്താഫെറ്റമിന്‍ പിടികൂടി.
ഫ്‌ലെമിങ് ഫ്രാന്‍സിസ് (21), നവീന്‍ (22), പ്രവീണ്‍ പ്രണവ് (21), കിഷോര്‍ (21), ജ്ഞാനപാണ്ഡ്യന്‍ (22), അരുണ്‍കുമാര്‍ (22), ധനുഷ് (23) എന്നിവരാണ് അറസ്റ്റിലായത്. ജ്ഞാനപണ്ഡ്യന്‍ എം.എസ്.സി കെമിസ്ട്രി വിദ്യാര്‍ഥിയാണ്. പ്രവീണ്‍, കിഷോര്‍, നവീന്‍, ധനുഷ് എന്നിവര്‍ അടുത്തയിടെ റോബട്ടിക്‌സ് എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയവരാണ്. ലഹരിവസ്തു നിര്‍മിക്കാന്‍ ആവശ്യമായ രാസവസ്തുക്കളും ഉപകരണങ്ങളും വാങ്ങി.
ഇംഗ്ലീഷ് ടി.വി സീരീസ് കണ്ടാണ് ഇവര്‍ വീട്ടില്‍ ലാബ് ഒരുക്കാമെന്ന തീരുമാനത്തിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. ചില രാസവസ്തുക്കള്‍ ഓണ്‍ലൈനില്‍നിന്നും വാങ്ങിയിട്ടുണ്ട്. കേസില്‍ മറ്റു ചിലര്‍ക്കും പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. ലഹരിമരുന്ന് വാങ്ങാന്‍ ബെംഗളൂരുവില്‍ നിന്നടക്കം ആവശ്യക്കാരെത്തിയിരുന്നതായും പൊലീസ് പറയുന്നു.
രണ്ട് മൊബൈല്‍ ഫോണുകള്‍, ഒരു കെമിക്കല്‍ വെയിങ് മെഷീന്‍, ലാബ് ഉപകരണങ്ങള്‍, ജാറുകള്‍, ടെസ്റ്റ് ട്യൂബുകള്‍, പിപ്പറ്റുകള്‍, ബ്യൂററ്റുകള്‍, ഗ്ലാസ് ജാറുകളില്‍ സൂക്ഷിച്ചിരുന്ന അസംസ്‌കൃത രാസവസ്തുക്കള്‍ എന്നിവ പൊലീസ് ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. പുതുതായി രൂപീകരിച്ച ആന്റി ഡ്രഗ് ഇന്റലിജന്‍സ് യൂണിറ്റാണ് സംഘത്തെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.