'ആന്ധ്രക്കാര്‍ക്ക് അഭിമാന നിമിഷം'; യു.എസിലെ രണ്ടാമത്തെ വനിതയായ ഉഷ വാന്‍സിന്റെ നേട്ടത്തില്‍ പ്രതികരിച്ച് ചന്ദ്രബാബു നായിഡു

ഉഷ വാന്‍സിന്റെ നേട്ടത്തില്‍ പ്രതികരിച്ച് ചന്ദ്രബാബു നായിഡു

Update: 2024-11-07 10:27 GMT

അമരാവതി: ജെ.ഡി. വാന്‍സ് യു.എസ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് ആന്ധ്രക്കാര്‍ക്ക് അഭിമാന നിമിഷമാണെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ജെ.ഡി. വാന്‍സിന്റെ ഭാര്യയും യു.എസിലെ രണ്ടാമത്തെ വനിതയുമായ ഉഷ വാന്‍സിന്റെ കുടുംബവേര് ആന്ധ്രപ്രദേശിലാണ്. അതാണ് തെലങ്കാനക്കാര്‍ക്ക് അഭിമാന നിമിഷമാണെന്ന് നായിഡു പറഞ്ഞത്.

വെസ്റ്റ് ഗോദാവരി ജില്ലയിലെ വടലൂര്‍ ആണ് 38കാരിയായ ഉഷ വാന്‍സിന്റെ കുടുംബഗ്രാമം. ''യു.എസ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജെ.ഡി. വാന്‍സിന് അഭിനന്ദനങ്ങള്‍. അദ്ദേഹത്തിന്റെ വിജയം ചരിത്രനിമിഷമാണ്. വാന്‍സിന്റെ പത്‌നി ഉഷ വാന്‍സിന്റെ വേരുകള്‍ ആന്ധ്രപ്രദേശിലാണ്. തെലുങ്ക് പാരമ്പര്യമുള്ള ഒരാള്‍ ആദ്യമായാണ് അമേരിക്കയുടെ രണ്ടാംവനിതയാകുന്നത്.''-എന്നാണ് ചന്ദ്രബാബു നായിഡു എക്‌സില്‍ കുറിച്ചത്.

ലോകത്താകമാനമുള്ള തെലുഗു സമൂഹത്തിന് അഭിമാന നിമിഷമാണിതെന്നും നായിഡു പറഞ്ഞു. ആന്ധ്രപ്രദേശ് സന്ദര്‍ശിക്കാന്‍ വാന്‍സിനെയും ഉഷയെയും ക്ഷണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യു.എസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡോണള്‍ഡ് ട്രംപിനെയും നായിഡു അഭിനന്ദിച്ചിരുന്നു. ഇന്ത്യയും യു.എസും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ട്രംപിന്റെ ഭരണകാലത്ത് കഴിയുമെന്നും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി.

Tags:    

Similar News