തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ ആക്രമിച്ച് സ്വതന്ത്ര സ്ഥാനാര്‍ത്ഥി; അറസ്റ്റിന് ശ്രമിച്ചപ്പോല്‍ സംഘര്‍ഷം സൃഷ്ടിച്ച് അനുയായികള്‍; നാടകീയമായി പിടികൂടി പൊലീസ്
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ തല്ലിയ സ്വതന്ത്ര സ്ഥാനാര്‍ത്ഥി അറസ്റ്റില്‍
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ ആക്രമിച്ച സ്വതന്ത്ര സ്ഥാനാര്‍ഥിയെ നാടകീയമായി അറസ്റ്റ് ചെയ്ത് പൊലീസ്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ തല്ലിയ നരേഷ് മീണയെയാണ് നാടകീയമായി പൊലീസ് അറസ്റ്റ് ചെയ്തത്. ടോങ്ക് ജില്ലയിലാണ് സംഭവമുണ്ടായത്.
കഴിഞ്ഞ ദിവസം നരേഷ് മീണയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ശ്രമിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ നൂറുകണക്കിന് അനുയായികളുടെ പ്രതിഷേധം മൂലം അത് നടന്നിരുന്നില്ല. മീണയുടെ അനുയായികള്‍ വാഹനങ്ങള്‍ക്ക് തീവെക്കുകയും കല്ലെറിയുകയും ചെയ്തിരുന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസിന് ടിയര്‍ഗ്യാസ് പ്രയോഗിക്കേണ്ടി വന്നിരുന്നു.
ഇന്ന് മീണയെ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാന്‍ ടയറുകള്‍ കത്തിച്ച് റോഡ് ബ്ലോക്ക് ചെയ്തിരുന്നു. നരേഷ് മീണക്കെതിരെ 23 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ അഞ്ച് കേസുകളില്‍ ഇനിയും നടപടിയുണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം സമരാവത ഗ്രാമത്തില്‍ മീണയെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായിരുന്നു. സബ് ഡിവിഷണല്‍ മജസ്‌ട്രേറ്റ് അമിത് ചൗധരിയെ മര്‍ദിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തത്.
പൊലീസ് മീണയെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തതെന്ന് അജ്മീര്‍ റേഞ്ച് ഐ.ജി ഓം പ്രകാശ് പറഞ്ഞു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് 60 പേരെ പിടികൂടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.