ഡല്‍ഹി തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിക്ക് തിരിച്ചടി; പാര്‍ട്ടിയുടെ ജാതവമുഖം പ്രവേശ് രത്തന്‍ എ.എ.പിയില്‍

പ്രവേശ് രത്തന്‍ എ.എ.പിയില്‍

Update: 2024-12-04 16:19 GMT

ന്യൂഡല്‍ഹി: ബി.ജെ.പി നേതാവും പാര്‍ട്ടിയുടെ ജാതവമുഖവുമായ പ്രവേശ് രത്തന്‍ പാര്‍ട്ടി വിട്ട് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. ബി.ജെ.പിയുമായുള്ള 20 വര്‍ഷത്തെ ബന്ധം ഉപേക്ഷിച്ചാണ് പ്രവേശ് രത്തന്‍ ആപ്പില്‍ അംഗത്വമെടുത്തത്. ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായി പ്രവേശ് രത്തന്റെ രാജി.

2020ല്‍ പട്ടേല്‍ നഗറില്‍ ആം ആദ്മി മന്ത്രി രാജ്കുമാര്‍ ആനന്ദിനെതിരെ മത്സരിച്ചയാളാണ് പ്രവേശ് രത്തന്‍. അന്ന് 35 ശതമാനം വോട്ട് ഇദ്ദേഹം നേടിയിരുന്നു. അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വവും നയങ്ങളുമാണ് ബി.ജെ.പി വിടാനുള്ള തന്റെ തീരുമാനത്തിന് പിന്നിലെന്ന് പ്രവേശ് പറഞ്ഞു.

'കെജ്രിവാള്‍ ഡല്‍ഹിക്ക് മുമ്പൊരിക്കലുമില്ലാത്ത വിധം എല്ലാം തന്നു. എന്റെ സമുദായം (ജാതവ) അദ്ദേഹത്തെ സ്‌നേഹിക്കുന്നു. അദ്ദേഹം ഏര്‍പ്പെടുത്തിയ സൗജന്യങ്ങള്‍ കുറഞ്ഞ വരുമാനമുള്ളവര്‍ക്ക് ഏറെ പ്രയോജനമായി' -പ്രവേശ് രത്തന്‍ പറഞ്ഞു. ജാതവ സമുദായത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News