അസമിലും ഭൂട്ടാനിലും ഭൂകമ്പം; 5.8 തീവ്രത രേഖപ്പെടുത്തി; ആളപായമോ വന്‍ നാശനഷ്ടമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല; വീടുകളില്‍ ചെറിയ വിള്ളലുകള്‍; പൊതുജനങ്ങള്‍ അനാവശ്യമായി ഭീതിയിലാകരുതെന്നും നിര്‍ദ്ദേശം
ഗുവാഹത്തി: അസമിലും അയല്‍രാജ്യമായ ഭൂട്ടാനിലും വീണ്ടും ഭൂകമ്പം. വൈകുന്നേരം 4:41 ഓടെയാണ് പ്രകമ്പനം അനുഭവപ്പെട്ടത്. 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വ്യക്തമായി അനുഭവപ്പെട്ടതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. വടക്കന്‍ ബംഗാളിലും സ്വല്‍പം പ്രകമ്പനം ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ഭൂമിക്കടിയില്‍ ഏകദേശം അഞ്ച് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് അധികൃതര്‍ വ്യക്തമാക്കി. അസമിലെ ഉദല്‍ഗുരി ജില്ലയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. കെട്ടിടങ്ങളിലെയും വീടുകളിലെയും ഫര്‍ണിച്ചറുകള്‍ ശക്തമായി കുലുങ്ങിയതായി പ്രദേശവാസികള്‍ പറഞ്ഞു.
ആളപായമോ വന്‍ നാശനഷ്ടമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ചെറിയ വിള്ളലുകള്‍ ചില വീടുകളിലും പൊതു കെട്ടിടങ്ങളിലും ഉണ്ടായി എന്ന വിവരമാണ് ലഭിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് ദുരന്തനിവാരണ സേനയെ സജ്ജമാക്കിയതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റികള്‍ അറിയിച്ചു. സെപ്റ്റംബര്‍ 2 ന് സോണിത്പൂരില്‍ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടിരുന്നു. അതിനു ശേഷമാണ് വീണ്ടും സംസ്ഥാനത്ത് ഭൂകമ്പം ഉണ്ടാകുന്നത്. വടക്കുകിഴക്കന്‍ ഇന്ത്യ ഭൂകമ്പ സാധ്യതാ മേഖലയിലായതിനാല്‍ ഇത്തരം പ്രകമ്പനങ്ങള്‍ ആവര്‍ത്തിച്ച് ഉണ്ടാകാറുണ്ടെന്ന് വിദഗ്ധര്‍ ഓര്‍മ്മിപ്പിച്ചു.
ഭൂകമ്പം അനുഭവപ്പെട്ടപ്പോള്‍ പൗരന്മാര്‍ വീടുകളും ഓഫീസുകളും വിട്ട് തുറസ്സായ ഇടങ്ങളിലേക്ക് ഓടിയതായും റിപ്പോര്‍ട്ടുകളുണ്ട്. പൊതുജനങ്ങള്‍ അനാവശ്യമായി ഭീതിയിലാകാതെ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. ഭൂകമ്പത്തിന്റെയും തുടര്‍പ്രകമ്പനങ്ങളുടെയും പശ്ചാത്തലത്തില്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. സീസ്മിക് പ്രവര്‍ത്തനം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ തുടര്‍ച്ചയായി നിരീക്ഷിക്കുന്നുണ്ടെന്നും ആവശ്യമെങ്കില്‍ രക്ഷാപ്രവര്‍ത്തന സംഘങ്ങളെ വിന്യസിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.