അല്ലു അര്‍ജുന് അപകടവുമായി ബന്ധമില്ല; അറസ്റ്റിനെക്കുറിച്ച് എന്നെ അറിയിച്ചിട്ടില്ല; കേസ് പിന്‍വലിക്കാന്‍ തയാറെന്ന് മരിച്ച യുവതിയുടെ ഭര്‍ത്താവ്
അല്ലു അര്‍ജുന് അപകടവുമായി ബന്ധമില്ലെന്ന് മരിച്ച യുവതിയുടെ ഭര്‍ത്താവ്
ഹൈദരാബാദ്: പുഷ്പ 2 സിനിമ പ്രദര്‍ശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും രേവതി എന്ന യുവതി മരിച്ച സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റിലായതിന് പിന്നാലെ വിഷയത്തില്‍ പ്രതികരിച്ച് യുവതിയുടെ ഭര്‍ത്താവ്. ഭാര്യ മരിച്ചത് അല്ലു അര്‍ജുന്റെ തെറ്റല്ല എന്നും അറസ്റ്റിനെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലായിരുന്നുവെന്നും രേവതിയുടെ ഭര്‍ത്താവ് ഭാസ്‌കര്‍ പറഞ്ഞു.
പരാതി പിന്‍വലിക്കാന്‍ ഞാന്‍ തയ്യാറാണ്. അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്ന വിവരം പോലീസ് എന്നെ അറിയിച്ചിരുന്നില്ല. എനിക്ക് അതെക്കുറിച്ച് അറിയില്ലായിരുന്നു. സംഭവിച്ചതൊന്നും അല്ലു അര്‍ജുന്റെ തെറ്റല്ല- ഭാസ്‌കര്‍ പറഞ്ഞു.
ഡിസംബര്‍ നാലാം തീയതി പുഷ്പ 2 സിനിമയുടെ പ്രദര്‍ശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുമാണ് രേവതി എന്ന യുവതി മരിച്ചത്. അന്നത്തെ പ്രദര്‍ശനത്തിനിടെ അല്ലു അര്‍ജുനും തിയേറ്ററിലെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് വലിയ തിക്കും തിരക്കുമുണ്ടായത്. അപകടത്തില്‍ രേവതിയുടെ മകന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതേ കേസില്‍ നേരത്തെ സന്ധ്യ തിയേറ്ററിലെ രണ്ട് ജീവനക്കാരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സംഭവത്തില്‍ യുവതിയുടെ കുടുംബം നല്‍കിയ പരാതി നല്‍കിയതോയൊണ് അല്ലു അര്‍ജുനെതിരേ നടപടിയെടുത്തത്. കേസില്‍ കോടതി നടനെ റിമാന്‍ഡ് ചെയ്തു. നമ്പള്ളി കോടതിയാണ് 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്.
ഭാരതീയ ന്യായ സംഹിതയിലെ 105, 118 (1) വകുപ്പുകളാണ് ചുമത്തിയതെന്നാണ് വിവരം. 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിത്.
ഡിസംബര്‍ 2 ന് തിയേറ്ററിലെത്തുമെന്ന് പോലീസിനെ അറിയിച്ചതായി അല്ലു അര്‍ജുന്റെ അഭിഭാഷകര്‍ വാദിക്കുന്നു. മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. പോലീസ് പറയുന്നത് വാസ്തവ വിരുദ്ധമാണെന്നും അഭിഭാഷകര്‍ പറയുന്നു.
അറസ്റ്റിന് പിന്നാലെ പോലീസ് സ്റ്റേഷന് ചുറ്റം ആരാധകര്‍ തടിച്ചുകൂടി. നടന്‍ ചിരഞ്ജീവിയടക്കമുള്ള താരങ്ങള്‍ ഷൂട്ടിങ് നിര്‍ത്തിവച്ച് നടന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
സംഭവത്തില്‍ യുവതിയുടെ കുടുംബം പരാതി നല്‍കിയതോടെയാണ് അല്ലു അര്‍ജുനെതിരേ നടപടിയെടുത്തത്. പൊലീസ് അറസ്റ്റ് ചെയ്ത അല്ലു അര്‍ജുനെ 14 ദിവസത്തേക്ക് നമ്പള്ളി കോടതി റിമാന്‍ഡ് ചെയ്‌തെങ്കിലും ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് ഇടക്കാല ജാമ്യം നല്‍കി.