ഡിജിറ്റൽ ഓട്ടോ ലോക്ക് സംവിധാനമുള്ള വാതിൽ അടഞ്ഞു; ഫ്ലാറ്റിൽ അകപ്പെട്ട കുട്ടി സഹായത്തിനായി ബാൽക്കണിയിലെത്തി; 22-ാം നിലയിൽ നിന്നും കാൽ വഴുതി വീണ അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം
ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ 22-ാം നിലയിലെ ഫ്ലാറ്റിൽ നിന്ന് വീണ് അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം. സെക്ടർ 62-ലെ പയനിയർ പ്രെസിഡിയ അപാർട്ട്മെന്‍റിലാണ് ദുരന്തം നടന്നത്. രുദ്ര തേജ് സിങ് (5) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം.
കളിച്ചുകൊണ്ടിരുന്ന രുദ്ര കൂട്ടുകാരുമൊത്ത് ഫ്ലാറ്റിലേക്ക് മടങ്ങിയെത്തിയപ്പോൾ, വീട്ടുജോലിക്കാരി ഒപ്പമുണ്ടായിരുന്നു. ലിഫ്റ്റിൽ നിന്നിറങ്ങിയ ഉടൻ കുട്ടി ഫ്ലാറ്റിലേക്ക് ഓടി. ഡിജിറ്റൽ ഓട്ടോ ലോക്ക് സംവിധാനമുള്ള പ്രധാന വാതിൽ കുട്ടി അകത്ത് കടന്നയുടൻ അടഞ്ഞുപോയി. പാസ്വേർഡ് അറിയാതെ വാതിൽ തുറക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു കുട്ടി. വീട്ടുജോലിക്കാരി പുറത്തും രുദ്ര അകത്തും കുടുങ്ങി.
പരിഭ്രാന്തയായ വീട്ടുജോലിക്കാരി ഉടൻ തന്നെ ഫ്ലാറ്റിലെ കെയർ ടേക്കറെയും കുട്ടിയുടെ മാതാപിതാക്കളെയും വിവരമറിയിച്ചു. ഈ സമയം, ഫ്ലാറ്റിനുള്ളിൽ ഒറ്റപ്പെട്ടുപോയ കുട്ടി ഭയം കാരണം ബാൽക്കണിയിലേക്ക് ഓടുകയായിരുന്നു. വസ്ത്രങ്ങൾ ഉണങ്ങാനിടുന്ന സ്റ്റാൻഡിൽ കയറിനിന്നാണ് കുട്ടി സഹായത്തിനായി നിലവിളിച്ചത്. ഇതിനിടെ, കുട്ടിക്ക് ബാലൻസ് നഷ്ടപ്പെട്ട് 22-ാം നിലയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ഫ്ലാറ്റിലെ മറ്റ് താമസക്കാർ ഉടൻ സ്ഥലത്തെത്തി കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുട്ടി മരണപ്പെട്ടിരുന്നു. രുദ്രയുടെ പിതാവ് ഒരു ബിൽഡറാണ്, മാതാവ് ഡോക്ടറാണ്. ഇവർക്ക് ഏകമകനായിരുന്നു രുദ്ര. സംഭവം നടക്കുമ്പോൾ ഇരുവരും സ്ഥലത്തുണ്ടായിരുന്നില്ല. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു.