സ്വകാര്യ ആശുപത്രികളില്‍ സൗജന്യ അടിയന്തര ചികിത്സ; നിയമ ഭേദഗതിയുമായി കര്‍ണാടക സര്‍ക്കാര്‍
സ്വകാര്യ ആശുപത്രികളില്‍ സൗജന്യ അടിയന്തര ചികിത്സ; നിയമ ഭേദഗതിയുമായി കര്‍ണാടക സര്‍ക്കാര്‍
ബെംഗളൂരു: മൃഗങ്ങളുടെയോ ഉരഗങ്ങളുടെയോ കടിയേറ്റാല്‍ സ്വകാര്യ ആശുപത്രികളില്‍ സൗജന്യ അടിയന്തര ചികിത്സ ഉറപ്പുവരുത്തണമെന്ന നിയമ ഭേദഗതിയുമായി കര്‍ണാടക സര്‍ക്കാര്‍. നായ, പാമ്പ്, മറ്റ് മൃഗങ്ങള്‍ എന്നിവയുടെ കടിയേറ്റാല്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ ഉറപ്പു വരുത്തുന്നതാണ് ആരോഗ്യ വകുപ്പിന്റെ പുതിയ നീക്കം.
സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണു ഭേദഗതി. 2007ലെ കര്‍ണാടക പ്രൈവറ്റ് മെഡിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിലെ സെക്ഷന്‍ 11ലാണ് ഭേദഗതി വരുത്തിയത്. മൃഗങ്ങളുടെ കടിയേറ്റാല്‍ മുന്‍കൂര്‍ പണം നല്‍കാതെ തന്നെ പ്രഥമ ശുശ്രൂഷയും തുടര്‍ ചികിത്സയും നല്‍കണം. ജില്ലാ രജിസ്‌ട്രേഷന്‍ ആന്‍ഡ് ഗ്രീവന്‍സ് അതോറിറ്റി നിശ്ചയിച്ച നിരക്കാണ് ആശുപത്രികള്‍ ഈടാക്കേണ്ടത്. ചികിത്സാ തുക നല്‍കാന്‍ കഴിയാത്ത സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടേത് സുവര്‍ണ ആരോഗ്യ സുരക്ഷ പദ്ധതി പ്രകാരം സ്വകാര്യ ആശുപത്രികള്‍ക്കു സര്‍ക്കാര്‍ തിരിച്ചു നല്‍കും.
നായയുടെ കടിയേറ്റവര്‍ക്കായി റേബീസ് വാക്‌സീന്‍, പാമ്പു കടിയേറ്റവര്‍ക്കായി ആന്റിവെനം എന്നിവയുടെ ലഭ്യത ആശുപത്രികളില്‍ ഉറപ്പു വരുത്തണം. സംസ്ഥാനത്ത് നായ, പാമ്പ് എന്നിവയുടെ കടിയേറ്റു മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് അടിയന്തര ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്നാണെന്ന് ആരോഗ്യവകുപ്പ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു.