ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: ബിജെപി എംപിയായ പിപി ചൗധരി സംയുക്ത പാര്‍ലമെന്ററി സമിതിയെ നയിക്കും; പ്രിയങ്ക ഗാന്ധിയും അനുരാഗ് ഠാക്കൂറുമടക്കം 31 പേര്‍ സമിതിയില്‍; റിപ്പോര്‍ട്ട് അടുത്ത സമ്മേളനത്തില്‍

പിപി ചൗധരി ജെപിസിയെ നയിക്കും; പ്രിയങ്ക ഗാന്ധി സമിതിയില്‍

Update: 2024-12-18 17:43 GMT

ന്യൂഡല്‍ഹി: ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് ബില്ലുകള്‍ പരിശോധിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിച്ചു. അടുത്ത സമ്മേളനത്തിന്റെ അവസാന ആഴ്ചയിലെ ആദ്യദിവസം ജെപിസി റിപ്പോര്‍ട്ട് പാര്‍ലമെന്റിന് സമര്‍പ്പിക്കണമെന്ന നിര്‍ദേശത്തോടെയാണ് സമിതി രൂപീകരിച്ചത്. ബിജെപിയുടെ പി.പി.ചൗധരിയാണ് സമിതിക്ക് നേതൃത്വം നല്‍കുന്നത്. കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയും ബിജെപി എംപി അനുരാഗ് ഠാക്കൂറും ഉള്‍പ്പടെ 31 പേരാണ് സമിതിയിലുള്ളത്. ലോക്സഭയില്‍നിന്ന് 21 എംപിമാരും പത്ത് രാജ്യസഭാ എംപിമാരുമാകും സമിതിയിലുണ്ടാകുക.

ലോക് സഭ , നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനുള്ള ഭരണഘടന ഭേദഗതി ബില്ലും, ജമ്മുകശ്മീര്‍ ദില്ലി തുടങ്ങിയ കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് ബാധകമാക്കാന്‍ രണ്ടാമത്തെ ബില്ലുമാണ് കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ബില്ല് അവതരിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടിരുന്നു. ഇലക്ട്രോണിക് വോട്ടിംഗില്‍ 369 വോട്ടുകള്‍ മാത്രമാണ് സാധുവായത്. അതില്‍ 220 പേര്‍ ബില്ലിനെ പിന്തുണച്ചു. 149 പേര്‍ എതിര്‍ത്തു. തുടര്‍ന്ന് സ്ലിപ് വിതരണം ചെയ്ത് വീണ്ടും വോട്ടിംഗ് നടത്തി. 467 പേരില്‍ 269 പേര്‍ ബില്ലിനെ പിന്തുണച്ചു. 198 പേര്‍ എതിര്‍ത്തു. ഭൂരിപക്ഷ പിന്തുണയില്‍ മന്ത്രി അര്‍ജ്ജുന്‍ റാം മേഘ് വാള്‍ ബില്ല് അവതരിപ്പിക്കുകയായിരുന്നു.

ബില്ലിന് മേലുള്ള ചര്‍ച്ചയില്‍ അതിരൂക്ഷമായ വിമര്‍ശനം പ്രതിപക്ഷം ഉന്നയിച്ചു. നിയമസഭകളെ നോക്കുകുത്തിയാക്കി, സംസ്ഥാനങ്ങളുടെ അധികാരം കവരാനുള്ള നീക്കത്തെ അംഗീകരിക്കില്ലെന്ന് പ്രതിപക്ഷം ഒരേ സ്വരത്തില്‍ പറഞ്ഞു. സാമ്പത്തിക ലാഭം, വോട്ടിംഗ് ശതമാനം ഉയര്‍ത്തും തുടങ്ങിയ നേട്ടങ്ങള്‍ എടുത്ത് പറഞ്ഞ് ടിഡിപി, ശിവസേന ഷിന്‍ഡേ വിഭാഗം, വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി തുടങ്ങിയ കക്ഷികള്‍ ബില്ലിനെ അനുകൂലിച്ചു. ബില്ല് ജെപിസിക്ക് വിടുന്നതില്‍ എതിര്‍പ്പില്ലെന്നും, പ്രധാനമന്ത്രിയും അക്കാര്യമാണ് താല്‍പര്യപ്പെടുന്നതെന്നും അമിത് ഷാ വ്യക്തമാക്കി.

ബില്ല് സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടുന്നതിന് പ്രമേയം അവതരിപ്പിച്ചിരുന്നില്ല. അംഗങ്ങളെ നിശ്ചയിച്ച ശേഷം പ്രമേയം അവതരിപ്പിക്കുമെന്ന് നിയമമന്ത്രി അര്‍ജ്ജുന്‍ റാം മേഘ്വാള്‍ പറഞ്ഞിരുന്നു. ഭരണഘടന ഭേദഗതില്‍ ബില്‍ പാസാകാന്‍ 307 പേരുടെ പിന്തുണ വേണമെന്നിരിക്കേ ഇപ്പോഴത്തെ സംഖ്യയില്‍ ബില്‍ പാസാകില്ലെന്ന് കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പിലൂടെ വ്യക്തമായി. ബില്ല് സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടാനുള്ള കേന്ദ്രസര്‍ക്കാരിന്റെ അനുകൂല നിലപാടിന്റെ കാരണവും ഇതായിരുന്നു.

ജെപിസിയിലെ ലോക്സഭാ അംഗങ്ങള്‍

പി പി ചൗധരി

സി എം രമേശ്

ബന്‍സുരി സ്വരാജ്

പര്‍ഷോത്തം റുപാല

അനുരാഗ് ഠാക്കൂര്‍

വിഷ്ണു ദയാല്‍ റാം

ഭര്‍തൃഹരി മഹ്താബ്

സംബിത് പത്ര

അനില്‍ ബാലുണി

വിഷ്ണു ദത്ത് ശര്‍മ

പ്രിയങ്ക ഗാന്ധി വാദ്ര

മനീഷ് തിവാരി

സുഖ്ദേവ് ഭഗത്

ധര്‍മേന്ദ്ര യാദവ്

കല്യാണ്‍ ബാനര്‍ജി

ടി എം സെല്‍വഗണപതി

ജിഎം ഹരീഷ് ബാലയോഗി

സുപ്രിയ സുലെ

ശ്രീകാന്ത് ഷിന്ദേ

ചന്ദന്‍ ചൗഹാന്‍

ബാലശൗരി വല്ലഭനേനി

Tags:    

Similar News