വിനോദസഞ്ചാരബോട്ടില്‍ നാവികസേനയുടെ സ്പീഡ് ബോട്ട് ഇടിച്ചുണ്ടായ അപകടത്തില്‍ അകപ്പെട്ടെന്ന് കരുതിയ മലയാളി കുടുംബം സുരക്ഷിതര്‍; ആ കുട്ടിയുടെ അച്ഛനേയും അമ്മയേയും കണ്ടെത്തി

Update: 2024-12-19 07:19 GMT

മുംബൈ: വിനോദസഞ്ചാരബോട്ടില്‍ നാവികസേനയുടെ സ്പീഡ് ബോട്ട് ഇടിച്ചുണ്ടായ അപകടത്തില്‍ അകപ്പെട്ടെന്ന് കരുതിയ മലയാളി കുടുംബം സുരക്ഷിതര്‍. പത്തനംതിട്ട സ്വദേശിയായ ഏബിള്‍ മാത്യുവിന്റെ അച്ഛനേയും അമ്മയേയും കണ്ടെത്തി. കുട്ടി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് മാത്യു ജോര്‍ജ്, നിഷ മാത്യു എന്നിവരെ കണ്ടെത്തിയത്. ഇവര്‍ മുംബൈയിലെ സെന്റ് ജോണ്‍സ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്

മാതാപിതാക്കളുമായി വീഡിയോ കോളില്‍ സംസാരിച്ച ശേഷം കുട്ടിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു. ഏബിളിന്റെ കുടുംബം മുംബൈ കാന്തിവലിയിലാണ് സ്ഥിരതാമസമാക്കിയിട്ടുള്ളത്. ഉറാനിലെ ജെഎന്‍പിടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആറ് വയസുകാരന്‍ ഏബിള്‍ മാത്യു നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മാതാപിതാക്കളെ കണ്ടെത്തിയത്.

ഇന്നലെ വൈകീട്ട് ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്ക് സമീപത്ത് വെച്ചാണ് മുംബൈയെ നടുക്കിയ ദുരന്തമുണ്ടായത്. നാവിക സേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടിലിടിച്ചാണ് ദാരുണമായ അപകടം ഉണ്ടായത്. വിനോദസഞ്ചാര കേന്ദ്രമായ എലിഫന്റ് കേവ് ദ്വീപിലേക്ക് പോയ നീല്‍കമല്‍ എന്ന ബോട്ടിലേക്ക് നേവിയുടെ സ്പീഡ് ബോട്ട് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ യാത്രാബോട്ട് തലകീഴായി മറിഞ്ഞു. ബോട്ട് പൂര്‍ണമായും മുങ്ങി.

ബോട്ട് അപകടത്തില്‍ ഇതുവരെ 13 പേര്‍ മരിച്ചു. കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ചികില്‍സയിലുള്ള നാല് പേരുടെ നില ഗുരുതരമാണ്. മരിച്ചവരില്‍ 3 നാവിക സേന ഉദ്യോഗസ്ഥരും ഉള്‍പ്പെടും. 101 പേരെ രക്ഷപ്പെടുത്തി.

Tags:    

Similar News