ദത്തെടുക്കേണ്ട കുട്ടിയുടെ പിതാവിന്റെ സമ്മതപത്രം ഇല്ലാത്ത അപേക്ഷ അപൂര്‍ണമെന്ന് യെലഹങ്ക സബ് രജിസ്ട്രാര്‍; അതിജീവിതയുടെ കുഞ്ഞിനെ ദത്തെടുക്കാന്‍ പിതാവായ പ്രതിയുടെ സമ്മതം വേണ്ടെന്ന നിര്‍ണ്ണായക വിധിയുമായി കര്‍ണാടക ഹൈക്കോടതി

Update: 2024-12-30 08:32 GMT

ബംഗളൂരു : അതിജീവിതയുടെ കുഞ്ഞിനെ ദത്തെടുക്കാന്‍ പിതാവായ പ്രതിയുടെ സമ്മതം വേണ്ടെന്ന നിര്‍ണ്ണായക വിധിയുമായി കര്‍ണാടക ഹൈക്കോടതി. അതിജീവിതയും കുഞ്ഞിനെ ദത്തെടുക്കാനാഗ്രഹിക്കുന്ന ദമ്പതികളും ചേര്‍ന്ന് നല്‍കിയ ഹര്‍ജിയിലാണ് വിധി. കുഞ്ഞിനെ ദത്തെടുക്കാന്‍ അതിജീവിതയുടേയും അവരുടെ രക്ഷിതാക്കളുടേയും സമ്മതം മതിയെന്നും ജസ്റ്റിസ് ഹേമന്ദ് ചന്ദനഗൗഡര്‍ വിധിച്ചു.

കുഞ്ഞിനെ ദത്തെടുക്കാനുള്ള ഓണ്‍ലൈന്‍ അപേക്ഷ നിരസിച്ച യെലഹങ്ക സബ് രജിസ്ട്രാറിന്റെ നടപടിയെ ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ദത്തെടുക്കേണ്ട കുട്ടിയുടെ പിതാവിന്റെ സമ്മതപത്രമില്ലാത്തതിനാല്‍ അപേക്ഷ അപൂര്‍ണ്ണമാണെന്ന് കാണിച്ചാണ് നിരസിച്ചത്. ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ സെക്ഷന്‍ 38 പ്രകാരം പ്രായപൂര്‍ത്തിയാകാത്ത ഇരയായ അമ്മയും അവരുടെ രക്ഷിതാവും സമ്മതം നല്‍കിയിരിക്കുമ്പോള്‍ പ്രതിയായ പിതാവിന്റെ സമ്മതം ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി.

2024 സെപ്റ്റംബറിലാണ് പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയത്. 2023 നവംബര്‍ ഒന്നുമുതല്‍ 2024 ജൂണ്‍ 20 വരെ പ്രതി പലതവണ ലൈംഗികപീഡനത്തിനിരയാക്കിയതായുള്ള പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റുചെയ്തിരുന്നു. 16 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പോക്സോ നിയമത്തിലെ സെക്ഷന്‍ 4-6, ഐപിസി സെക്ഷന്‍ 376, 506, 34 എന്നിവ പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ക്ക് പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Similar News