ബന്ദിനെ തുടര്‍ന്ന് പഞ്ചാബില്‍ 150ലധികം ട്രെയിനുകള്‍ റദ്ദാക്കി; കര്‍ഷക പ്രതിഷേധം അതിശക്തം; നിരാഹാരം ഇരിക്കുന്ന ദല്ലേവാളിന്റെ ആരോഗ്യം അപകടകരമാംവിധം വഷളാകുമ്പോള്‍
ന്യൂഡല്‍ഹി : കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും അനിശ്ചിതകാല നിരാഹാരമിരിക്കുന്ന കര്‍ഷക നേതാവ് ജഗജീത് സിങ് ദല്ലേവാളിന്റെ ജീവന്‍ രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് നടത്തുന്ന കര്‍ഷക ബന്ദ് പഞ്ചാബില്‍ പുരോഗമിക്കുന്നു. കിസാന്‍ മസ്ദൂര്‍ മോര്‍ച്ച (കെഎംഎം), സംയുക്ത കിസാന്‍ മോര്‍ച്ച (രാഷ്ട്രീയേതരം) സംഘടനകള്‍ തിങ്കള്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് നാലുവരെ ബന്ദാചരിക്കുന്നത്. പാല്‍, പഴം, പച്ചക്കറി വാഹനങ്ങള്‍ നിരത്തിലിറങ്ങില്ല. ചന്തകള്‍ നാലിന് ശേഷമേ തുറക്കൂ. പഞ്ചാബിലെ വിവിധയിടങ്ങളില്‍ കര്‍ഷകരുടെ നേതൃത്വത്തില്‍ റോഡുകള്‍ ഉപരോധിച്ചു. ബന്ദിനെ തുടര്‍ന്ന് പഞ്ചാബില്‍ 150ലധികം ട്രെയിനുകള്‍ റദ്ദാക്കി.
ഖനൗരി അതിര്‍ത്തിയില്‍ 33 ദിവസമായി നിരാഹാരം തുടരുന്ന ദല്ലേവാളിന്റെ ആരോഗ്യം അപകടകരമാംവിധം വഷളായി. പഞ്ചാബ് മന്ത്രിമാരുടെ സംഘം വൈദ്യസഹായം സ്വീകരിക്കണമെന്ന് ദല്ലേവാളിനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം നിരാകരിക്കുകയായിരുന്നു. ദല്ലേവാളിന്റെ രക്തസമ്മര്‍ദം കുത്തനെ കുറഞ്ഞെന്നും ഉടന്‍ ആശുപത്രിയിലേക്ക് മാറ്റണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. സമരവേദിക്ക് സമീപം നിര്‍മിച്ച താല്‍ക്കാലിക ആശുപത്രിയിലേക്ക് മാറണമെന്ന ആവശ്യവും നിരകാരിക്കപ്പെട്ടു. അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ രജീന്ദ്ര മെഡിക്കല്‍ കോളേജ്, പട്യാല മാതാ കൗശല്യ ആശുപത്രി എന്നിവിടങ്ങളില്‍നിന്നുള്ള മെഡിക്കല്‍ സംഘത്തെ പഞ്ചാബ് സര്‍ക്കാര്‍ സജ്ജമാക്കിയിട്ടുണ്ട്.