ഇന്‍സ്റ്റഗ്രാമിലൂടെ പരിചയം പ്രണയമായി; അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി 16കാരന്റെ കൂടെ ഒളിച്ചോടി; മൂന്ന് സുഹൃത്തുക്കളുടെ സഹായം

അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി 16കാരന്റെ കൂടെ ഒളിച്ചോടി

Update: 2025-01-04 16:28 GMT

അഹമ്മദാബാദ്: പത്ത് വയസ്സുള്ള പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട 16 വയസ്സുള്ള ആണ്‍കുട്ടിയുമായി ഒളിച്ചോടി. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയതോടെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കകം സമീപ ഗ്രാമത്തില്‍ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തി. ഗുജറാത്തിലാണ് സംഭവം.

ഡിസംബര്‍ 31നാണ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ധന്‌സുര ഗ്രാമത്തിലെ വീട്ടില്‍ നിന്ന് കാണാതായത്. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് ചൂണ്ടിക്കാട്ടി വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും ആണ്‍കുട്ടിയും ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാകുകയും ചെയ്തതായി കണ്ടെത്തുകയായിരുന്നു. ഇവര്‍ മൂന്ന് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ഒളിച്ചോടാനുള്ള പദ്ധതി തയ്യാറാക്കിയതെന്നും വ്യക്തമായി.

പെണ്‍കുട്ടിയുടെ അച്ഛന് സോഷ്യല്‍ മീഡിയയെക്കുറിച്ച് കാര്യമായി ഒന്നും അറിയില്ല. അതിനാല്‍, പെണ്‍കുട്ടി അമ്മയുടെ ഫോണില്‍ നിന്നാണ് ഇന്‍സ്റ്റാഗ്രാം ഉപയോഗിച്ചത്. മറ്റൊരു ഗ്രാമത്തില്‍ താമസിക്കുന്ന ആണ്‍കുട്ടിയുമായി പരിചയപ്പെട്ട പെണ്‍കുട്ടി നിരന്തരമായി ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നുവെന്നും പൊലീസ് മനസിലാക്കി. തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയെ കണ്ടെത്തി വീട്ടുകാര്‍ക്ക് കൈമാറി. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ കേസ് എടുത്തതായി പൊലീസ് അറിയിച്ചു.

Tags:    

Similar News