എച്ച്.എം.പി.വി എല്ലാ പ്രായത്തിലുള്ളവരേയും ബാധിക്കും; ഇതൊരു പുതിയ വൈറസല്ല; രാജ്യത്തെ ജനങ്ങള്‍ ശാന്തരായിരിക്കണമെന്നും ജെ.പി നഡ്ഡ

എച്ച്.എം.പി.വി എല്ലാ പ്രായത്തിലുള്ളവരേയും ബാധിക്കും

Update: 2025-01-06 15:48 GMT

ന്യൂഡല്‍ഹി: ചൈനയില്‍ കണ്ടെത്തിയ ഹ്യൂമന്‍മെറ്റാന്യൂമോവൈറസ് (എച്ച്.എം.പി.വി) ബാധ ഇന്ത്യയിലും സ്ഥിരീകരിച്ചതോടെ വിഷയത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെ.പി. നഡ്ഡ. ഇതൊരു പുതിയ വൈറസല്ല. രാജ്യത്തെ ജനങ്ങള്‍ ശാന്തരായിരിക്കണം. 2001-ല്‍ തിരിച്ചറിഞ്ഞ ഈ വൈറസ് വര്‍ഷങ്ങളായി ആഗോളതലത്തില്‍ പലയിടങ്ങളിലുമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

'എച്ച്.എം.പി.വി ഒരു പുതിയ വൈറസല്ലെന്ന് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കിയിട്ടുണ്ട്. 2001-ലാണ് ഈ വൈറസ് ആദ്യമായി തിരിച്ചറിയുന്നത്. വര്‍ഷങ്ങളായി ഇത് ചംക്രമണം ചെയ്യുന്നുണ്ട്. വായുവിലൂടെയാണ് എച്ച്.എം.പി.വി പടരുന്നത്. എല്ലാ പ്രായത്തിലുള്ള ആളുകളേയും ബാധിക്കും. തണുപ്പുകാലങ്ങളിലാണ് വൈറസ് കൂടുതല്‍ പടരുക', നഡ്ഡ പറഞ്ഞു.

ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ആഗോളതലതത്തില്‍ വൈറസ് ഇതിനോടകം ചംക്രമണത്തിലാണെന്ന് വ്യക്തമാക്കി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐസിഎംആര്‍) രംഗത്തെത്തിയിരുന്നു. രോഗമുണ്ടാക്കാന്‍ സാധ്യതയുള്ള ഏത് പ്രശ്‌നത്തേയും കൈകാര്യം ചെയ്യാന്‍ ഇന്ത്യ സജ്ജമാണെന്നും ഐസിഎംആര്‍ വ്യക്തമാക്കി.

ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് (എച്ച്.എം.പി.വി.) സംബന്ധിച്ച് ആശങ്കയുടെ ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസും നേരത്തെ അറിയിച്ചിരുന്നു. ജലദോഷത്തിന് കാരണമാകുന്ന ഒരു സാധാരണ ശ്വസനപ്രശ്നം മാത്രമാണിതെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്.

Tags:    

Similar News