ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ്: അമിത് ഷായെ 'ഗജിനി' കഥാപാത്രമാക്കി ആക്ഷേപ ഹാസ്യരൂപത്തില്‍ വിഡിയോ; ബിജെപിയെ കടന്നാക്രമിച്ച് ആംആദ്മി പാര്‍ട്ടി
അമിത് ഷായെ 'ഗജിനി' കഥാപാത്രമാക്കി ആക്ഷേപ ഹാസ്യരൂപത്തില്‍ വിഡിയോ
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിന് നടക്കാനിരിക്കെ ബി.ജെ.പി നേതൃത്വത്തെ കടന്നാക്രമിക്കാനുറച്ച് ആം ആദ്മി പാര്‍ട്ടി. പുതുതായി സമൂഹ മാധ്യമങ്ങളില്‍ പാര്‍ട്ടി പ്രചരിപ്പിക്കുന്ന ആക്ഷേപഹാസ്യ വിഡിയോകളില്‍ ആംആദ്മി പാര്‍ട്ടി നല്‍കുന്ന സൂചനകള്‍ അക്കാര്യം വ്യക്തമാക്കുന്നു. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ബി.ജെ.പി മറന്നുപോകുന്നതിനെ പരിഹസിച്ചാണ് വിഡിയോ.
ചൊവ്വാഴ്ച രാവിലെ ആപ് തങ്ങളുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍ ഉള്‍പ്പെടെ പോസ്റ്റ് ചെയ്ത വിഡിയോ ഏറെ വൈറലായിരിക്കുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ 'ഗജിനി' കഥാപാത്രമാക്കിയാണ് 37 സെക്കന്‍ഡുള്ള വിഡിയോ. ആമിര്‍ ഖാന്‍ തകര്‍ത്തഭിനയിച്ച 'ഗജിനി'യിലെ മുഖ്യകഥാപാത്രത്തിന് ഓര്‍മ നഷ്ടമാകുന്ന ഭാഗമാണ് വിഡിയോയില്‍ ആക്ഷേപ ഹാസ്യരൂപത്തില്‍ അവതരിപ്പിച്ചിട്ടുള്ളത്.
ആമിര്‍ ഖാന്റെ മുഖത്തിന് പകരം അമിത് ഷായുടെ മുഖമാണ് വിഡിയോയില്‍ എഡിറ്റ് ചെയ്ത് ചേര്‍ത്തിട്ടുള്ളത്. ഫിര്‍ ലായേംഗേ കെജ്രിവാള്‍ (വീണ്ടും കെജ്രിവാളിനെ കൊണ്ടുവരൂ) എന്ന പ്രചാരണ തത്വം മുന്‍നിര്‍ത്തിയാണ് ആം ആദ്മി പാര്‍ട്ടി ഇക്കുറി തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
പുതിയ ഫൈ്‌ലഓവറുകള്‍, മഹിളാ സമ്മാന്‍ യോജനയില്‍ മാസം തോറും വീട്ടമ്മമാര്‍ക്ക് 2100 രൂപ, അംബേദ്കര്‍ സ്‌കോളര്‍ഷിപ്പുകള്‍, സഞ്ജീവനി യോജന, പൂജാരിമാര്‍ക്ക് പ്രതിമാസ ആനുകൂല്യം തുടങ്ങി ആപ് നടപ്പാക്കിയ നിരവധി ജനപ്രിയ ക്ഷേമ പദ്ധതികള്‍ വിവരിക്കുന്ന കാര്‍ഡുകള്‍ കാണുമ്പോള്‍ അമിത് ഷാ അസ്വസ്ഥനാകുന്നതാണ് വിഡിയോയിലുള്ളത്. മണിക്കൂറുകള്‍ക്കകം ആയിരക്കണക്കിനാളുകളാണ് വിഡിയോ കണ്ടത്.