പ്രണബ് മുഖര്‍ജിക്ക് ഡല്‍ഹിയില്‍ സ്മൃതിമണ്ഡപം ഒരുങ്ങും; രാജ്ഘട്ട് കോംപ്ലക്സിലെ രാഷ്ട്രീയ സ്മൃതി സ്ഥലിയില്‍ സ്മൃതിമണ്ഡപം നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍; നന്ദിയറിയിച്ച് മകള്‍
പ്രണബ് മുഖര്‍ജിക്ക് ഡല്‍ഹിയില്‍ സ്മൃതിമണ്ഡപം ഒരുങ്ങും
ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജിക്ക് സ്മൃതിമണ്ഡപം നിര്‍മിക്കാന്‍ ഡല്‍ഹിയില്‍ സ്ഥലം അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. ഡല്‍ഹിയിലെ രാജ്ഘട്ട് കോംപ്ലക്സിലെ രാഷ്ട്രീയ സ്മൃതി സ്ഥലിലാകും സ്മൃതിമണ്ഡപം. പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മിഷ്ഠ മുഖര്‍ജിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സ്മൃതിമണ്ഡപമൊരുക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശര്‍മിഷ്ഠ മുഖര്‍ജി നന്ദി അറിയിച്ചു. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്ന ചിത്രങ്ങളും സ്മൃതിമണ്ഡപത്തിന് അനുമതി നല്‍കികൊണ്ടുള്ള ലാന്‍ഡ് ആന്‍ഡ് ഡെവലപ്മെന്റ് ഓഫീസിന്റെ (എല്‍ ആന്‍ഡ് ഡിഒ) കത്തും ചൊവ്വാഴ്ച സാമൂഹികമാധ്യമങ്ങളില്‍ ശര്‍മിഷ്ഠ മുഖര്‍ജി പങ്കുവെച്ചു.
'അങ്ങോട്ട് ആവശ്യപ്പെടാത്ത ഒന്നായതിനാല്‍ തന്നെ ഈ സ്മൃതിമണ്ഡപം പണിയാനുള്ള തീരുമാനം വളരെ സന്തോഷകരമാണ്. സ്മൃതിമണ്ഡപമൊരുക്കാനുള്ള പ്രധാനമന്ത്രിയുടെ അപ്രതീക്ഷിതമായ തീരുമാനം എന്നെ ആഴത്തില്‍ സ്പര്‍ശിച്ചു. ബഹുമാനം ഒരിക്കലും ചോദിച്ച് വാങ്ങരുതെന്ന് ബാബ പറയുമായിരുന്നു. ബാബയുടെ ഓര്‍മയ്ക്കായി ഇത്തരമൊരു തീരുമാനമെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഒരുപാട് നന്ദിയുണ്ട്. അദ്ദേഹത്തിന്റെ മകളെന്ന നിലയ്ക്ക് എന്റെ സന്തോഷം പ്രകടമാക്കാന്‍ എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല', ചിത്രങ്ങളും കത്തും പങ്കുവെച്ച് ശര്‍മിസ്ത മുഖര്‍ജി സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചു.
45 വര്‍ഷത്തോളം കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ച പ്രണബ് മുഖര്‍ജിയുടെ മരണത്തിന് ശേഷം അദ്ദേഹത്തിനായി യാതൊന്നും പാര്‍ട്ടി ചെയ്തില്ലെന്ന് ശര്‍മിഷ്ഠ മുഖര്‍ജി മുന്‍പ് ആരോപിച്ചിരുന്നു. മുന്‍ കോണ്‍ഗ്രസ് നേതാവ് കൂടിയാണ് ശര്‍മിഷ്ഠ മുഖര്‍ജി.
രാജ്യത്തിന്റെ 13-ാം രാഷ്ട്രപതിയായിരുന്നു പ്രണബ് മുഖര്‍ജി. 2012 മുതല്‍ 2017 വരെയുള്ള കാലയളവിലാണ് അദ്ദേഹം രാഷ്ട്രപതിയായി സേവനമനുഷ്ഠിച്ചത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് കൂടിയായിരുന്ന പ്രണബ് മുഖര്‍ജി 2009 മുതല്‍ 2012 വരെ ധനകാര്യ മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2019-ല്‍ ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരത് രത്ന നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 2020-ലാണ് പ്രണബ് മുഖര്‍ജി അന്തരിച്ചത്.