കെജ്രിവാളിന്റെ വാഹനത്തിന് നേരെ കല്ലേറ് ഉണ്ടായതിന് പിന്നില്‍ ബി.ജെ.പിയെന്ന് ആംആദ്മി പാര്‍ട്ടി; പ്രതിഷേധിച്ച യുവാക്കളെ ഇടിക്കാന്‍ കെജ്രിവാള്‍ ഡ്രൈവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്ന് ബി.ജെ.പി

കെജ്രിവാളിന്റെ വാഹനത്തിന് നേരെ കല്ലേറ് ഉണ്ടായതിന് പിന്നില്‍ ബി.ജെ.പിയെന്ന് ആംആദ്മി പാര്‍ട്ടി

Update: 2025-01-18 14:13 GMT

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അരവിന്ദ് കെജ്രിവാളിന്റെ കാര്‍ ആക്രമിക്കപ്പെട്ടുവെന്ന ആം ആദ്മി പാര്‍ട്ടിയുടെ ആരോപണത്തോട് പ്രതികരിച്ച് ബി.ജെ.പി. കെജ്രിവാളിനെതിരെ പ്രതിഷേധിച്ച മൂന്ന് യുവാക്കളെ വാഹനം ഇടിച്ചെന്ന് ബി.ജെ.പി നേതാവ് പര്‍വേഷ് വര്‍മ ആരോപിച്ചു. യുവാക്കളെ ഇടിച്ചിടാന്‍ കാര്‍ ഡ്രൈവറോട് ആവശ്യപ്പെട്ടത് കെജ്രിവാളാണെന്ന് ബി.ജെ.പി ന്യൂഡല്‍ഹി മണ്ഡലം സ്ഥാനാര്‍ഥി കൂടിയായ പര്‍വേഷ് വര്‍മ ആരോപിച്ചു.

'എ.എ.പി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ വീടുവീടാന്തരം കയറി പ്രചാരണം നടത്തുമ്പോള്‍, ന്യൂഡല്‍ഹി നിയമസഭ മണ്ഡലത്തിലെ ജനങ്ങള്‍ കെജ്രിവാളിനോട് തൊഴിലിനെ കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കുകയായിരുന്നു. തൊഴിലില്ലാത്ത വിശാല്‍, അഭിഷേക്, രോഹിത് എന്നീ മൂന്ന് യുവാക്കള്‍ കെജ്രിവാളിനോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് അവരെ മര്‍ദ്ദിക്കുകയും ഫോണ്‍ തകര്‍ക്കുകയും ചെയ്തു. യുവാക്കളെ കണ്ടതിന് ശേഷം ഡ്രൈവര്‍ കാര്‍ ബ്രേക്ക് ഇട്ടു. എന്നാല്‍ കെജ്രിവാള്‍ ഡ്രൈവര്‍ക്ക് അവരെ ഇടിക്കാന്‍ സിഗ്‌നല്‍ നല്‍കി. അവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇത് കൊലപാതക ശ്രമമാണ്. എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യും, കൊലപാതകശ്രമത്തിന് കേസെടുക്കും' -പര്‍വേഷ് വര്‍മ പറഞ്ഞു.

അതേസമയം കെജ്രിവാളിന്റെ വാഹനത്തിന് നേരെ കല്ലേറ് ഉണ്ടായതിന് പിന്നില്‍ ബി.ജെ.പിയാണെന്നാണ് എ.എ.പി ആരോപിക്കുന്നത്. ബി.ജെ.പി സ്ഥാനാര്‍ഥിയായ പര്‍വേഷ് വര്‍മ എ.എ.പി പ്രവര്‍ത്തകരെ പ്രചാരണത്തില്‍ നിന്ന് തടയാന്‍ കെജ്രിവാളിനെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും ഡല്‍ഹിയിലെ ജനങ്ങള്‍ തക്ക മറുപടി നല്‍കുമെന്നും എ.എ.പി പറഞ്ഞു. കെജ്രിവാളിനെതിരെ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ഥിയായ പര്‍വേഷ് വര്‍മയുടെ ഗുണ്ടകള്‍ വാഹനം തടയാന്‍ ശ്രമിച്ചെന്നും വാഹനം മുന്നോട്ടെടുക്കാന്‍ ശ്രമിക്കുന്നതിനിടെ വാഹനത്തിനുനേരെ കല്ലെറിഞ്ഞു എന്നുമാണ് എ.എ.പി ആരോപിക്കുന്നത്.

Similar News