ഭര്‍ത്താവ് സ്ഥിരം മദ്യപാനി; നിരന്തരം ഉപദ്രവം; വായ്പ തിരിച്ചടവിനായി വീട്ടില്‍ പതിവായി വന്ന ലോണ്‍റിക്കവറി ഏജന്റിനെ വിവാഹം ചെയ്ത് യുവതി
വീട്ടില്‍ പതിവായി വന്ന ലോണ്‍റിക്കവറി ഏജന്റിനെ വിവാഹം ചെയ്ത് യുവതി
ജാമുയി: മദ്യപാനിയായ ഭര്‍ത്താവിന്റെ ഉപദ്രവം അതിരുവിട്ടതോടെ സഹികെട്ട് വീട്ടില്‍ പതിവായി വന്നിരുന്ന ലോണ്‍ റിക്കവറി ഏജന്റിനൊപ്പം ഒളിച്ചോടി വിവാഹം ചെയ്ത് യുവതി. ബിഹാറിലെ ജാമുയി ജില്ലയിലാണ് സംഭവം. ഇന്ദ്രകുമാരി എന്ന യുവതിയാണ് ഭര്‍ത്താവ് നകുല്‍ ശര്‍മ്മയുടെ പീഡനത്തെ തുടര്‍ന്ന് ലോണ്‍ റിക്കവറി ഏജന്റിനെ വിവാഹം ചെയ്തത്.
2022ലായിരുന്നു ഇന്ദ്രകുമാരിയും നകുല്‍ ശര്‍മ്മയുമായുള്ള വിവാഹം. സ്ഥിരം മദ്യപിച്ചെത്തുന്ന യുവാവ് ഇന്ദ്രകുമാരിയെ ശാരീരികവും മാനസികവുമായി ഉപദ്രവിക്കുമായിരുന്നുവെന്ന് യുവതി പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഈ സമയത്ത്, ലോണ്‍ തിരിച്ചടവിനായി റിക്കവറി ഏജന്റായ പവന്‍ കുമാര്‍ യാദവ് വീട്ടില്‍ പതിവായി എത്താറുണ്ടായിരുന്നു. കേവലം ലോണ്‍ തിരിച്ചടവ് മാത്രമായിരുന്ന ബന്ധം പിന്നീട് സൗഹൃദമായി വളരുകയും പിന്നീട് പ്രണയമാകുകയുമായിരുന്നുവെന്നാണ് വിവരം. അഞ്ച് മാസത്തോളം ഇരുവരും ബന്ധം രഹസ്യമായി സൂക്ഷിച്ചു. പിന്നീട് നാടുവിടാന്‍ തീരുമാനിച്ച ഇരുവരും ഫെബ്രുവരി നാലിന് വിമാനം കയറി ഇന്ദ്രകുമാരിയുടെ അമ്മായി താമസിക്കുന്ന പശ്ചിമ ബംഗാളിലെ അസന്‍സോളില്‍ എത്തി.
ഫെബ്രുവരി 11ന് ഒരു ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. പരമ്പരാഗത ഹൈന്ദവ ആചാരങ്ങളോടെ നടന്ന വിവാഹത്തില്‍ നിരവധി പേര്‍ പങ്കെടുത്തു. തൊട്ടുപിന്നാലെ, ചടങ്ങിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയും പെട്ടെന്ന് വൈറലാവുകയും ചെയ്തു.
പവന്റെ കുടുംബം വിവാഹത്തിന് സമ്മതിച്ചെങ്കിലും യുവതിയുടെ കുടുംബം ഇതിനെ എതിര്‍ക്കുകയും യുവാവിനെതിരെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. യുവാവിനെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്.
അതേസമയം സ്വന്തം ഇഷ്ടപ്രകാരമാണ് പവനുമായുള്ള വിവാഹം നടന്നതെന്ന് യുവതി പോലീസിന് മൊഴി നല്‍കിയതായാണ് വിവരം. ഇന്ദ്രകുമാരിയുടെ കുടുംബത്തില്‍ നിന്നുള്ള ഭീഷണി കാരണം ഇവര്‍ പോലീസ് സംരക്ഷണം തേടിയിരിക്കുകയാണ്.