കടുവയെ പിടികൂടുന്നതില്‍ അനാസ്ഥ; വനം വകുപ്പ് ഉദ്യോഗസ്ഥരെ കടുവയെ പിടികൂടാന്‍ സ്ഥാപിച്ച കൂട്ടിലടച്ച് പ്രദേശവാസികള്‍
ബംഗളൂരു: കടുവയെ പിടികൂടാന്‍ വനം വകുപ്പിന് കഴിയാതെ വന്നതോടെ ഉദ്യോഗസ്ഥരെ കൂട്ടിലടച്ച് പ്രദേശവാസികള്‍. പത്തിലധികം വനം വകുപ്പ് ഉദ്യോഗസ്ഥരെയാണ് കടുവയെ പിടികൂടാന്‍ സ്ഥാപിച്ച കൂട്ടില്‍ അടച്ചത്. ബന്ദിപ്പൂര്‍ കടുവ സംരക്ഷണ കേന്ദ്രത്തോട് ചേര്‍ന്നുള്ള ഗുണ്ടല്‍പേട്ടിനടുത്താണ് സംഭവം.
ബഫര്‍ സോണിന്റെ പരിധിയില്‍ വരുന്ന ബൊമ്മലാപുര ഗ്രാമത്തില്‍ ജനങ്ങള്‍ രണ്ട് മാസമായി കടുവ ഭീതിയിലാണ്. നിരവധി കന്നുകാലികളെ കൊന്നുതിന്നു. കടുവയെ പിടികൂടാനായി നിരന്തരം പരാതികള്‍ വനംവകുപ്പിന് നല്‍കിയെങ്കിലും വനം വകുപ്പ് ഗൗരവത്തിലെടുത്തില്ലെന്ന് ഗ്രാമവാസികള്‍ പറയുന്നു.
പരാതികളുടെ അടിസ്ഥാനത്തില്‍ കൂട് സ്ഥാപിക്കുക മാത്രമാണ് ചെയ്തതെന്നും മറ്റു നടപടികളൊന്നും സ്വീകരിച്ചില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് വകുപ്പ് അനാസ്ഥ കാണിക്കുന്നുവെന്നാരോപിച്ച് ജനങ്ങള്‍ കൂട്ടിലടക്കുകയായിരുന്നു.
ഇന്ന് രാവിലെ കൃഷിയടത്തില്‍ കടുവ വീണ്ടും ഇറങ്ങിയതോടെ പ്രദേശവാസികള്‍ വനംവകുപ്പില്‍ വിവരമറിയിച്ചു. എന്നാല്‍ വനംവകുപ്പ് വരാന്‍ വൈകിയതോടെ കടുവ അപ്രത്യക്ഷമായി. അതില്‍ പ്രകോപിതരായ പ്രദേശവാസികള്‍ കടുവയെ പിടിക്കാന്‍ വന്ന 10 വനംവകുപ്പ് ജീവനക്കാരെ പൂട്ടിയിട്ടു.
സംഭവത്തെക്കുറിച്ച് അറിഞ്ഞ് ബന്ദിപ്പൂരിലെയും ഗുണ്ടല്‍പേട്ടിലെയും എ.സി.എഫ്.മാര്‍ സ്ഥലത്തെത്തി ഗ്രാമവാസികളെ സമാധാനിപ്പിച്ച് ജീവനക്കാരെ വിട്ടയച്ചു. കടുവയെ പിടികൂടുന്നതുവരെ ആസ്ഥാനത്തേക്ക് മടങ്ങരുതെന്ന് രണ്ട് എ.സി.എഫ്.മാരും ജീവനക്കാരോട് നിര്‍ദ്ദേശിച്ചു.