ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെ നാടകീയ നീക്കം; യുവഗായിക മൈഥിലി ഠാക്കൂര്‍ ബിജെപിയില്‍; ബിഹാറില്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി

Update: 2025-10-14 13:07 GMT

പട്ന: ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്രശസ്ത ഗായിക മൈഥിലി ഠാക്കൂര്‍ ബിജെപിയില്‍ ചേര്‍ന്നു. ചൊവ്വാഴ്ച പട്നയിലെ പാര്‍ട്ടി ആസ്ഥാനത്തുവെച്ചാണ് മൈഥിലി ബിജെപി അംഗമായത്. അലിനഗര്‍ നിയോജകമണ്ഡലത്തില്‍നിന്ന് മൈഥിലി ഠാക്കൂര്‍ ജനവിധി തേടിയേക്കുമെന്നാണ് സൂചന. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ജയ്സ്വാള്‍ അടക്കമുള്ളവരും സന്നിഹിതരായിരുന്നു.

യുവഗായികയായ മൈഥിലി ഠാക്കൂര്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നും തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുമെന്നും നേരത്തേ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് മൈഥിലിയുടെ പാര്‍ട്ടിപ്രവേശം. നിലവില്‍ ബിജെപിയുടെ മിശ്രിലാല്‍ യാദവ് പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് അലിനഗര്‍. എന്നാല്‍, ഇത്തവണ അദ്ദേഹത്തിന് സീറ്റ് നല്‍കിയേക്കില്ലെന്നും ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ടിലുണ്ട്.

പാര്‍ട്ടിപ്രവേശത്തിന് മുന്നോടിയായി മൈഥിലി ഠാക്കൂര്‍ കഴിഞ്ഞയാഴ്ച വിവിധ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബിഹാറില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് ചുമതലയുള്ള വിനോദ് താവ്ഡെ, കേന്ദ്രമന്ത്രി നിത്യാനന്ദ് റായ് എന്നിവരുമായാണ് മൈഥിലി കൂടിക്കാഴ്ച നടത്തിയത്. ഇതോടെ മൈഥിലിയുടെ ബിജെപി പ്രവേശമെന്ന അഭ്യൂഹം ശക്തമായിരുന്നു.

നവംബര്‍ 6, 11 തീയതികളിലായി രണ്ടുഘട്ടങ്ങളിലായാണ് ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പ്. ബിജെപിയും ജെഡിയുവും ഉള്‍പ്പെടുന്ന എന്‍ഡിഎയുടെ സീറ്റ് വിഭജനചര്‍ച്ചകള്‍ ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. ബിജെപിയും ജെഡിയുവും 101 വീതം സീറ്റുകളിലേക്ക് മത്സരിക്കാനാണ് മുന്നണിയില്‍ ധാരണയായത്. ഇതിനുപിന്നാലെ ചൊവ്വാഴ്ച ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയും പുറത്തിറക്കി.

71 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് ബിജെപി ചൊവ്വാഴ്ച പുറത്തിറക്കിയത്. ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരി, വിജയ് സിന്‍ഹ തുടങ്ങിയവര്‍ ആദ്യഘട്ട പട്ടികയിലുണ്ട്. താരാപുരില്‍നിന്നാണ് സാമ്രാട്ട് ചൗധരി ജനവിധി തേടുക. വിജയ് സിന്‍ഹ ലഖിസരായ് മണ്ഡലത്തിലും മത്സരിക്കും. അതേസമയം, നിലവിലെ നിയമസഭ സ്പീക്കറായ നന്ദകിഷോര്‍ യാദവിന് ഇത്തവണ പാര്‍ട്ടി സീറ്റ് നിഷേധിച്ചു. ധനപുരില്‍നിന്ന് നേരത്തേ മത്സരിച്ച രാം കൃപാല്‍ യാദവിനും ഇത്തവണ സീറ്റ് ലഭിച്ചിട്ടില്ല.

Similar News