ഒരുലക്ഷം വിലയുള്ള സ്‌കൂട്ടറില്‍ യാത്ര; ഹെല്‍മെറ്റ് ധരിക്കാത്തതിന് പിഴ 21 ലക്ഷം രൂപ; ചലാന്‍ വൈറലായതിന് പിന്നാലെ തിരുത്തി പൊലീസ്

Update: 2025-11-08 13:06 GMT

മുസാഫര്‍നഗര്‍: ഹെല്‍മെറ്റ് ധരിക്കാത്തതിന് സ്‌കൂട്ടര്‍ യാത്രക്കാരന് പിഴ ചുമത്തിയത് 21 ലക്ഷം രൂപ. ഒരുലക്ഷം വിലയുള്ള സ്‌കൂട്ടറിന് ലഭിച്ച പിഴയെന്ന രീതിയില്‍ ചലാന്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ, പൊലീസ് പിഴത്തുക 4,000 രൂപയായി തിരുത്തുകയായിരുന്നു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ജില്ലയിലാണ് സംഭവം.

കഴിഞ്ഞ ചൊവ്വാഴ്ച മുസാഫര്‍നഗര്‍ ന്യൂ മണ്ടി പ്രദേശത്ത് നടത്തിയ പരിശോധനയ്ക്കിടെയാണ് പ്രദേശവാസിയായ അന്‍മോള്‍ സിംഗാളിനെ പോലീസ് തടഞ്ഞത്. പരിശോധന സമയത്ത് ഇയാള്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. ആവശ്യമായ രേഖകളൊന്നും അന്‍മോള്‍ സിംഗാളിന്റെ പക്കലുണ്ടായിരുന്നില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തുടര്‍ന്ന്, സ്‌കൂട്ടര്‍ പിടിച്ചെടുത്ത പൊലീസ് 20,74,000 രൂപ പിഴയായി ചുമത്തുകയായിരുന്നു. വന്‍ പിഴ തുട കണ്ട് ഞെട്ടിയ അന്‍മോള്‍ ചലാന്റെ ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവെക്കുകയായിരുന്നു. ഇതിന് പിന്നാലെ, പൊലീസ് പിഴത്തുക 4,000 രൂപയായി തിരുത്തുകയായിരുന്നു.

ചലാന്‍ നല്‍കിയ സബ് ഇന്‍സ്‌പെക്ടര്‍ക്ക് പറ്റിയ പിഴവാണ് ചലാനില്‍ തുക മാറിവരാന്‍ ഇടയാക്കിയതെന്ന് മുസാഫര്‍നഗര്‍ പോലീസ് സൂപ്രണ്ട് (ട്രാഫിക്) അതുല്‍ ചൗബെ പറഞ്ഞു. വാഹനം പരിശോധിച്ച സബ് ഇന്‍സ്‌പെക്ടര്‍ മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 207 പ്രകാരമാണ് നടപടിയെടുത്തത്. എന്നാല്‍, 207 ന് ശേഷം 'എം.വി ആക്ട്' എന്ന് ചേര്‍ക്കാന്‍ മറന്നതോടെ 207ഉം വകുപ്പനുസരിച്ചുള്ള കുറഞ്ഞ പിഴത്തുകയായ 4,000 രൂപയും ഒന്നിച്ച് കാണപ്പെടുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. മോട്ടോര്‍ വാഹന നിയമത്തില്‍ സെക്ഷന്‍ 207 പ്രകാരം അധികൃതര്‍ക്ക് മതിയായ രേഖകളില്ലാത്ത വാഹനം പിടിച്ചെടുക്കാനാവും.

Similar News