'ബിഹാര്‍ തിരഞ്ഞെടുപ്പില്‍ മുങ്ങിത്താഴാന്‍ പരിശീലിക്കുകയാണ്'; പ്രചാരണത്തിനിടെ കുളത്തില്‍ ചാടിയ രാഹുലിനെ പരിഹസിച്ച് മോദി
പട്‌ന: ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ കണക്കറ്റ് പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറില്‍ മത്സ്യബന്ധന മേഖല വികസിച്ചിട്ടുണ്ടെങ്കിലും ചിലര്‍ ഇപ്പോള്‍ സംസ്ഥാനത്തെ കുളങ്ങളില്‍ മുങ്ങല്‍ പരിശീലനം നടത്തുന്നുണ്ട് എന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. ബിഹാറിലെ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മീന്‍പിടിക്കാനായി രാഹുല്‍ഗാന്ധി കുളത്തിലേക്കിറങ്ങിയ സംഭവത്തെ സൂചിപ്പിച്ചായിരുന്നു മോദിയുടെ പരിഹാസം. ബിഹാറിലെ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിന് മുന്നോടിയായി സീതാമഡിയില്‍ പൊതു റാലിയെ അഭിസംബോധന ചെയ്യവെയായിരുന്നു പരിഹാസം.
ചില വലിയ ആളുകള്‍ ഇപ്പോള്‍ ബിഹാറില്‍ വന്ന് മീന്‍ പിടിക്കാന്‍ ചാടുകയാണെന്ന് രാഹുലിന്റെ പേര് പരാമര്‍ശിക്കാതെ പ്രധാനമന്ത്രി പറഞ്ഞു. 'വലിയ ആളുകള്‍ പോലും ഇവിടുത്തെ മത്സ്യം കാണാന്‍ വരുന്നു. വെള്ളത്തില്‍ മുങ്ങുന്നു... ബിഹാര്‍ തിരഞ്ഞെടുപ്പില്‍ മുങ്ങിത്താഴാന്‍ പരിശീലിക്കുകയാണ്,' പ്രധാനമന്ത്രി മോദി പറഞ്ഞു.
ഈ ആഴ്ച ആദ്യം ബിഹാറിലെ ബെഗുസരായിയില്‍ മത്സ്യത്തൊഴിലാളി സമൂഹവുമായി സംവദിക്കുന്നതിനിടെ രാഹുല്‍ ഗാന്ധി ഒരു കുളത്തിലേക്ക് ചാടിയിരുന്നു. ജില്ലയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത ശേഷം സമീപത്തുള്ള ഒരു മീന്‍ വളര്‍ത്തല്‍ കുളത്തിലേക്ക് പോയ രാഹുല്‍ തോണിയില്‍ നിന്ന് തൊഴിലാളികള്‍ക്കിടയിലേക്ക് ചാടിയിറങ്ങുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിക്കുകയും ചെയ്തു. പാര്‍ട്ടിയുടെ മുന്‍ സംസ്ഥാന മന്ത്രി മുകേഷ് സാഹ്നിയും രാഹുലിനൊപ്പം ഉണ്ടായിരുന്നു. കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും മത്സ്യത്തൊഴിലാളികളും രാഹുല്‍ ഗാന്ധിയെ ആഴം കുറഞ്ഞ കുളത്തില്‍ അനുഗമിച്ചിരുന്നു.