വായു മലീനീകരണം രൂക്ഷം: ഡല്‍ഹി സര്‍ക്കാര്‍ ഓഫീസ് ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു

Update: 2025-11-08 12:58 GMT

ന്യൂഡല്‍ഹി: വായു മലീനീകരണം രൂക്ഷമായതോടെ ഡല്‍ഹി സര്‍ക്കാരിന്റെ കീഴിലുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ അന്‍പത് ശതമാനം ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു. കൂടാതെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തന സമയങ്ങളില്‍ ക്രമീകരണവും വരുത്തി. പുതിയ സമയക്രമം ശൈത്യകാലമായ നവംബര്‍ 15 മുതല്‍ ഫെബ്രുവരി 15 വരെയാണ് പ്രാബല്യത്തില്‍ വരുന്നത്.

നിലവില്‍ ഡല്‍ഹിയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് പ്രവര്‍ത്തിക്കുന്നത്. പുതുക്കിയ സമയക്രമം അനുസരിച്ച് രാവിലെ 10 മുതല്‍ വൈകുന്നേരം 6.30 വരെ ആയിരിക്കും ഓഫീസ് ടൈം.മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളുടെ നിലവിലത്തെ സമയം രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് 5.30 വരെയാണ്. നവംബര്‍ 15 മുതല്‍ ഇത് രാവിലെ 8.30 മുതല്‍ വൈകുന്നേരം അഞ്ച് മണി വരെയായിരിക്കും.

അതേസമയം മലീനീകരണം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച്ച വരുത്തിയെന്ന് കാട്ടി നാളെ ജനകീയ പ്രതിഷേധം നടത്താന്‍ തീരുമാനിച്ചിരുന്നു. ഇന്ത്യ ഗേറ്റിന് മുന്നിലാണ് വൈകുന്നേരം അഞ്ച് മണിക്ക് പ്രതിഷേധം നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍, പ്രതിഷേധം നടത്തുന്നതിനുള്ള അനുമതി പൊലീസ് നിഷേധിച്ചു.

Similar News