റെയില്‍വേ ഗേറ്റ് അടച്ചിട്ടിരിക്കെ ലെവല്‍ക്രോസ് മറികടക്കാന്‍ ശ്രമം; ബൈക്കില്‍നിന്ന് തെന്നിവീണ യുവാവ് ട്രെയിനിടിച്ച് മരിച്ചു

Update: 2025-10-13 16:01 GMT

ലഖ്നൗ: റെയില്‍വേ ഗേറ്റ് അടച്ചിട്ടിരിക്കെ ലെവല്‍ ക്രോസില്‍ സാഹസിക യാത്രയ്ക്ക് ശ്രമിക്കവെ ബൈക്കില്‍നിന്ന് തെന്നിവീണ യുവാവ് ട്രെയിനിടിച്ച് മരിച്ചു. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. ദാദ്രി സ്വദേശിയായ തുഷാര്‍ ആണ് മരിച്ചത്. ഞായറാഴ്ച നടന്ന അപകടത്തിന്റെ വീഡിയോദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.

റെയില്‍വേ ഗേറ്റ് അടച്ചിട്ടിരിക്കെ ഇതിനുള്ളിലൂടെ കടന്ന് ബൈക്കോടിച്ച് ട്രാക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവാവ് അപകടത്തില്‍പ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. റെയില്‍വേ ലെവല്‍ക്രോസില്‍ പ്രവേശിച്ചതിന് പിന്നാലെ ബൈക്ക് ട്രാക്കിലേക്ക് തെന്നിവീഴുകയായിരുന്നു. ഇതോടെ യുവാവും നിലത്തുവീണു. തുടര്‍ന്ന് യുവാവ് ബൈക്ക് എടുത്തുമാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് ട്രെയിനെത്തിയത്. ട്രെയിന്‍വരുന്നത് കണ്ട് യുവാവ് ട്രാക്കിലൂടെ മുന്‍പോട്ട് ഓടുന്നതും പിന്നാലെ ട്രെയിന്‍ ഇയാളെ ഇടിച്ചിട്ട് കടന്നുപോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

അടുത്തമാസം വിവാഹം നടക്കാനിരിക്കെയാണ് തുഷാറിന്റെ മരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു. വീട്ടില്‍ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിവരികയായിരുന്നുവെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. യുവാവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായി ദാദ്രി ആര്‍പിഎഫ് ഇന്‍സ്പെക്ടര്‍ സുശീല്‍ വര്‍മ അറിയിച്ചു.

Similar News