മോരിൽ നിറച്ച് പ്രാണികൾ; അടുക്കളയിൽ ഓടിച്ചാടുന്ന എലികൾ; മനം മടുത്തുന്ന കാഴ്ചകൾ കണ്ട് മൂക്ക് പൊത്തി ഉദ്യോഗസ്ഥർ; ഇതൊക്കെ എന്തെന്ന ചോദ്യത്തിന് ഉടമയുടെ വിചിത്ര വാദം; ഹോട്ടൽ പൂട്ടിച്ചു
ഭോപ്പാൽ: വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന ഹോട്ടലിൽ പരിശോധനയ്ക്കെത്തിയ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ ഞെട്ടിക്കുന്ന കാഴ്ചകൾക്ക് സാക്ഷിയായി. ബുന്ദേൽഖണ്ഡ് മെഡിക്കൽ കോളേജിന് സമീപം പ്രവർത്തിക്കുന്ന രാഷി റസ്റ്റോറന്റിൽ മോരിൽ പ്രാണികൾ, അടുക്കളയിൽ ഓടിച്ചാടി നടക്കുന്ന എലികൾ, തുറന്നു വെച്ച ഭക്ഷണത്തിൽ ഈച്ചകൾ എന്നിവയാണ് കണ്ടെത്തിയത്.
ഹോട്ടലിലെ ശോചനീയമായ അവസ്ഥയെക്കുറിച്ച് ചോദിച്ചപ്പോൾ, അടുക്കളയിൽ കാണുന്ന എലികൾ തങ്ങളുടെ വളർത്തുമൃഗങ്ങളാണെന്നായിരുന്നു കടയുടമയുടെ അമ്പരപ്പിക്കുന്ന മറുപടി. വൃത്തിഹീനമായ അടുക്കളയിൽ നിന്നുണ്ടാക്കുന്ന ഭക്ഷണം മെഡിക്കൽ കോളേജിലെ രോഗികളും കൂട്ടിരിപ്പുകാരും ഉൾപ്പെടെ നിരവധിപേരാണ് ദിവസവും കഴിച്ചിരുന്നത്.
സംഭവത്തെത്തുടർന്ന്, ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ ഭക്ഷണത്തിന്റെ സാമ്പിളുകൾ ശേഖരിക്കുകയും ഹോട്ടൽ അടച്ചിടുകയും ചെയ്തു. ഗാർഹിക ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിച്ചാണ് അടുക്കളയിൽ പാചകം ചെയ്തിരുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. ശക്തമായ തുടർനടപടികൾ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.