യൂണിഫോം പോലും ധരിക്കാതെ സാധാരണ വേഷത്തിലെത്തിയ ഉദ്യോഗസ്ഥർ; മിന്നൽ പരിശോധനയ്ക്കിടെ വ്യാപാരികൾക്ക് നേരെ തോക്ക് ചൂണ്ടി; ഭയന്ന് വിറച്ച് തളർന്നുവീണ് ഒരാൾക്ക് ദാരുണാന്ത്യം

Update: 2025-10-14 08:53 GMT

മൊഹാലി: റെയ്ഡിനിടെ ഉദ്യോഗസ്ഥർ തോക്ക് ചൂണ്ടി ഭയപ്പെടുത്തിയതിനെ തുടർന്ന് ഹൃദയാഘാതം സംഭവിച്ച് വ്യാപാരിക്ക് ദാരുണാന്ത്യം. മൊഹാലിയിലെ മുല്ലൻപൂരിൽ കൗണ്ടർ ഇന്റലിജൻസ് ഏജൻസിയുടെ റെയ്ഡിനിടെയാണ് സംഭവം. തിങ്കളാഴ്ച ഉച്ചയോടെ സാധാരണക്കാരുടെ വേഷത്തിലെത്തിയ അഞ്ച് ഉദ്യോഗസ്ഥരാണ് ഇവിടെയെത്തിയത്.

ചന്തയിലെ ഒരു കേന്ദ്രത്തിൽ ആളുകൾ ചീട്ട് കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് സംഘത്തിലെ ഒരാൾ റിവോൾവർ ചൂണ്ടിയത്. ഇത് കണ്ട് പരിഭ്രാന്തനായ 55-കാരനായ രാജേഷ് കുമാർ സോനി എന്ന വ്യാപാരി തളർന്ന് വീഴുകയായിരുന്നു. ഇദ്ദേഹത്തെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. തളർന്ന് വീണ മറ്റൊരാൾ ചികിത്സയിലാണ്.

തിങ്കളാഴ്ചകളിൽ മുല്ലൻപൂർ ചന്ത പ്രവർത്തിക്കാറില്ല. എങ്കിലും, ഇത് അവധി ദിനമായതിനാൽ വ്യാപാരികൾ ചീട്ട് കളിക്കാനും മറ്റുമായി അവിടെയെത്തിയിരുന്നു. റെയ്ഡിനെത്തിയ ഉദ്യോഗസ്ഥർ തങ്ങളെ പരിചയപ്പെടുത്തുകയോ എന്തിനാണ് വന്നതെന്ന് വ്യക്തമാക്കുകയോ ചെയ്തില്ലെന്നും, പെട്ടെന്ന് തോക്ക് ചൂണ്ടുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ പറയുന്നു.

സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിന്നു. നാട്ടുകാർ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരിൽ രണ്ടുപേരെ തടഞ്ഞുവെച്ച് മർദ്ദിച്ചു. തുടർന്ന് കൂടുതൽ പോലീസെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കിയത്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് വ്യാപാരികൾ പ്രതിഷേധിച്ചു. റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Tags:    

Similar News