ക്യാമ്പിന് പുറത്ത് ഭൂമി ഇളകുന്നപോലെ ശബ്ദം; നോക്കിയപ്പോൾ കണ്ടത് ഇടിഞ്ഞു ഉരുണ്ട് വരുന്ന മഞ്ഞുമലകൾ; സിയാച്ചിനിൽ വൻ ഹിമപാതം; മൂന്ന് സൈനികർക്ക് വീരമൃത്യു; ഒരാളെ രക്ഷിച്ചു
ഡൽഹി: സിയാച്ചിൻ ഹിമാനിയുടെ മേഖലയിലുണ്ടായ ഹിമപാതത്തിൽ മൂന്ന് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു. മരണപ്പെട്ടവരിൽ രണ്ട് അഗ്നിവീറുകളും ഒരു സൈനികനും ഉൾപ്പെടുന്നു. അപകടത്തിൽപ്പെട്ട മറ്റൊരാളെ സുരക്ഷിതനായി രക്ഷപ്പെടുത്തിയതായി കരസേന അറിയിച്ചു.
കഴിഞ്ഞ ദിവസം സിയാച്ചിനിലെ ഒരു സൈനിക ക്യാമ്പിലുണ്ടായ ശക്തമായ ഹിമപാതത്തെ തുടർന്നാണ് ദുരന്തം സംഭവിച്ചത്. അപകടസ്ഥലത്ത് ഉടൻ തന്നെ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. കരസേനയുടെ പ്രത്യേക സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ഇതിനിടയിൽ, ഹിമപാതത്തിൽപ്പെട്ട ഒരു സൈനികനെ ജീവനോടെ കണ്ടെത്താൻ രക്ഷാപ്രവർത്തകർക്ക് സാധിച്ചു.
ദുരന്തത്തിൽ മരിച്ച സൈനികരുടെ മൃതദേഹങ്ങൾ സുരക്ഷിതമായി പുറത്തെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഈ മേഖലയിൽ പതിവായുണ്ടാകുന്ന ഹിമപാതങ്ങൾ സൈനികർക്ക് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള പ്രമുഖർ അനുശോചനം അറിയിച്ചു.