32 തമിഴ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു; അഞ്ച് ബോട്ടുകള്‍ പിടിച്ചെടുത്തു; രാമേശ്വരത്ത് മത്സ്യത്തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിലേക്ക്
32 തമിഴ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു
ചെന്നൈ: 32 സഹപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും അഞ്ച് ബോട്ടുകള്‍ ശ്രീലങ്കന്‍ നാവികസേന പിടിച്ചെടുക്കുകയും ചെയ്തതിനു പിന്നാലെ തമിഴ്നാട്ടിലെ രാമേശ്വരത്ത് മത്സ്യത്തൊഴിലാളികള്‍ തിങ്കളാഴ്ച അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. വടക്കന്‍ മാന്നാര്‍ മേഖലക്കു സമീപം മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കെ അറസ്റ്റ് നടന്നത് തീരദേശ സമൂഹത്തില്‍ വ്യാപക പ്രതിഷേധത്തിന് ഇടയാക്കി.
കഴിഞ്ഞ ശനിയാഴ്ച 5000ത്തോളം മത്സ്യത്തൊഴിലാളികള്‍ 450 ബോട്ടുകളിലായി കടലില്‍ പോയപ്പോള്‍ ശ്രീലങ്കന്‍ നാവികസേനയുടെ പട്രോളിംഗ് കപ്പലുകള്‍ സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് അവരെ തടയുകയായിരുന്നു. അഞ്ച് ബോട്ടുകള്‍ പിടിച്ചെടുത്ത നാവികസേന 32 മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്ത ശേഷം തലൈമന്നാര്‍ നേവല്‍ ക്യാമ്പിലേക്ക് മാറ്റി.
മത്സ്യത്തൊഴിലാളികളെയും പിടിച്ചെടുത്ത ബോട്ടുകളും ഉടന്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ കടലില്‍ ഇറങ്ങാന്‍ വിസമ്മതിച്ചതോടെ 700 ബോട്ടുകള്‍ രാമേശ്വരം മത്സ്യബന്ധന തുറമുഖത്ത് നങ്കൂരമിട്ടു. പണിമുടക്ക് പ്രാദേശിക സമ്പദ്വ്യവസ്ഥയെ സാരമായി ബാധിച്ചു. പ്രതിദിനം ഒരു കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു.
കസ്റ്റഡിയിലെടുത്തവരെ മോചിപ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കുമെന്നും മറ്റ് തീരദേശ ജില്ലകളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കുമെന്നും മത്സ്യത്തൊഴിലാളി നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. മത്സ്യബന്ധന അവകാശവുമായി ബന്ധപ്പെട്ട് ദീര്‍ഘകാലമായി നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പരാജയപ്പെട്ടെന്ന് മത്സ്യത്തൊഴിലാളി സംഘടനകള്‍ വിമര്‍ശിച്ചു.