നിർബന്ധിച്ച് വാനിൽ കയറ്റി കൊണ്ടുപോയി; പാതി വഴി എത്തിയപ്പോൾ സ്വഭാവത്തിൽ മാറ്റം; ഒഡിഷയില്‍ 21-കാരിയെ ആറുപേര്‍ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി; നടുക്കം മാറാതെ നാട്ടുകാർ
ഭുവനേശ്വര്‍: ഒഡിഷയില്‍ യുവതിയെ ഓടുന്നവാനിൽവെച്ച് കൂട്ടബലാത്സംഗംചെയ്ത് റോഡില്‍ തള്ളിയെന്ന് റിപ്പോർട്ടുകൾ. ജോലി വാഗ്ദാനംചെയ്ത് കൂട്ടിക്കൊണ്ടുപോയി ആറുപേര്‍ ചേര്‍ന്നാണ് 21-കാരിയെ കൂട്ടബലാത്സംഗംചെയ്തത്. ഉഡാല പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. കേസില്‍ രണ്ടുപ്രതികളെ കസ്റ്റഡിയിലെടുത്തതായും ബാക്കി പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി.
ഉഡാല-ബാലാസോര്‍ റോഡില്‍വെച്ച് വെള്ളിയാഴ്ച വൈകിട്ട് ആറിനും ഏഴിനും ഇടയിലാണ് യുവതി ക്രൂരതയ്ക്കിരയായത്. പ്രതികളെല്ലാം സാറാത്ത് സ്വദേശികളാണെന്നാണ് പോലീസ് നല്‍കുന്നവിവരം. പ്രതികളില്‍ രണ്ടുപേരെ യുവതിക്ക് നേരത്തേ പരിചയമുണ്ടായിരുന്നു. ഈവര്‍ഷമാദ്യം ഒരു ആഘോഷപരിപാടിക്കിടെയാണ് യുവതി ഇവരെ പരിചയപ്പെട്ടത്. പരസ്പരം മൊബൈല്‍നമ്പറുകളും കൈമാറി.
തുടര്‍ന്ന് യുവതിക്ക് ഒരുസ്വകാര്യ കമ്പനിയില്‍ ജോലി ശരിയാക്കിനല്‍കാമെന്ന് ഇരുവരും ഉറപ്പുനല്‍കി. ഇക്കാര്യം പറഞ്ഞതോടെ ജോലിക്ക് പോകാന്‍ യുവതിയുടെ അമ്മയും അനുവാദംനല്‍കി. ഇതിനുപിന്നാലെയാണ് നേരത്തേ പരിചയമുള്ള രണ്ടുപേരും ഇവര്‍ക്കൊപ്പം മറ്റ് നാലുപേരും വെള്ളിയാഴ്ച യുവതിയുടെ വീട്ടിലെത്തിയത്. ഇവര്‍ യുവതിയെ തങ്ങള്‍ക്കൊപ്പം വരാന്‍ നിര്‍ബന്ധിച്ചു. തുടര്‍ന്ന് വാനില്‍ യാത്രചെയ്യുന്നതിനിടെയാണ് ആറുപേരും ചേര്‍ന്ന് യുവതിയെ ബലാത്സംഗംചെയ്തത്. യുവതി ബഹളംവെയ്ക്കുന്നത് തുടര്‍ന്നതോടെ ഇവര്‍ യുവതിയെ റോഡരികില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.