കേന്ദ്രമന്ത്രി അമിത് ഷാക്കെതിരെ ആക്ഷേപ പരാമര്‍ശം; മഹുവ മൊയ്ത്രക്കെതിരെ എഫ്.ഐ.ആര്‍
കേന്ദ്രമന്ത്രി അമിത് ഷാക്കെതിരെ ആക്ഷേപ പരാമര്‍ശം; മഹുവ മൊയ്ത്രക്കെതിരെ എഫ്.ഐ.ആര്‍
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി അമിത് ഷാക്കെതിരെ ആക്ഷേപകരമായ പരാമര്‍ശം നടത്തിയതിന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ബംഗ്ലാദേശില്‍നിന്ന് പതിനായിരങ്ങള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയിട്ടുണ്ടെങ്കില്‍ അതിനുത്തരവാദിയായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തലവെട്ടി മേശപ്പുറത്ത് വെക്കണമെന്നാണ് മഹുവ മൊയ്ത്ര നടത്തിയ വിവാദ പരാമര്‍ശം. പ്രദേശവാസി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
ഭാരതീയ ന്യായ സംഹിതയുടെ സെക്ഷന്‍ 196 (മതം, വംശം, ജനന സ്ഥലം, താമസസ്ഥലം, ഭാഷ മുതലായവയുടെ അടിസ്ഥാനത്തില്‍ വ്യത്യസ്ത ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), സെക്ഷന്‍ 197 (ദേശീയ ഏകീകരണത്തിന് മുന്‍വിധിയോടെയുള്ള ആരോപണങ്ങള്‍, അവകാശവാദങ്ങള്‍) എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അതിര്‍ത്തി സംരക്ഷണ ഉത്തരവാദിത്തം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവാദിത്തമാണെന്നും നുഴഞ്ഞുകയറ്റമുണ്ടെങ്കില്‍ തൃണമൂല്‍ സര്‍ക്കാറിനെ കുറ്റപ്പെടുത്താനാവില്ലെന്നും മഹുവ പറഞ്ഞു. മമത ബാനര്‍ജി സര്‍ക്കാറിനെ പശ്ചിമ ബംഗാളിലെ നുഴഞ്ഞുകയറ്റത്തിന് വഴിയൊരുക്കുകയാണെന്ന അമിത് ഷായുടെ വിമര്‍ശനത്തിനായിരുന്നു മഹുവയുടെ മറുപടി. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മഹുവ. മഹുവയുടെ പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി ബി.ജെ.പി വക്താവ് ശഹ്‌സാദ് പൂനാവാലയും മുന്‍ കേന്ദ്ര മന്ത്രി രവി ശങ്കര്‍ പ്രസാദു രംഗത്തെത്തി.