തെരഞ്ഞെടുപ്പിലെ തോല്‍വി; വിട്ടൊഴിയാതെ വിവാദങ്ങള്‍; വിപാസന കേന്ദ്രത്തില്‍ ധ്യാനം തുടങ്ങി കെജ്രിവാള്‍; രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസും ബിജെപിയും
വിപാസന കേന്ദ്രത്തില്‍ ധ്യാനം തുടങ്ങി കെജ്രിവാള്‍
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് തോല്‍വിക്കും വിട്ടൊഴിയാത്ത വിവാദങ്ങള്‍ക്കും പിന്നാലെ ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും എ എ പി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍ ധ്യാനം തുടങ്ങി. ഇന്നു മുതല്‍ മാര്‍ച്ച് 15 വരെയാണ് ദിവസമാണ് ധ്യാനം. പഞ്ചാബിലെ ഹോഷിയാര്‍ പൂരില്‍ ആനന്ദ്ഘട്ടിലെ ധമ്മ ധജ വിപാസന കേന്ദ്രത്തിലാണ് 10 ദിവസത്തെ കെജ്രിവാളിന്റെ ധ്യാനം നടക്കുക.
മാര്‍ച്ച് അഞ്ചു മുതല്‍ 15 വരെ കെജ്രിവാള്‍ തങ്ങുമെന്ന് ആപ്പ് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പും കെജ്രിവാള്‍ ഇവിടെ ധ്യാനം കൂടിയെങ്കിലും ആപ്പിന്റെ ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രകടനവും നിരാശാജനകമായിരുന്നു. എല്ലാത്തരത്തിലും പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ തനിച്ചിരുന്നുള്ള ധ്യാനമാണ് വിപസന ധ്യാനമെങ്കിലും കെജ്രിവാളിന്റെ പഞ്ചാബ് യാത്രയ്ക്ക് പഞ്ചാബ് ആപ്പിലെ തമ്മിലടിയും വിഭാഗീയതയും കാരണമാണെന്ന അഭ്യൂഹങ്ങളും ശക്തമാണ്.
കെജ്രിവാളിന്റെ ധ്യാനത്തെ കോണ്‍ഗ്രസും ബി ജെ പിയും രൂക്ഷമായി വിമര്‍ശിച്ചു. പൊതു ജനത്തിന്റെ പണം പഞ്ചാബ് സര്‍ക്കാര്‍ കെജ്രിവാളിന്റെ ധ്യാനത്തിനായി ധൂര്‍ത്തടിക്കുകയാണെന്ന് ബി ജെ പി ഡല്‍ഹി അധ്യക്ഷന്‍ വീരേന്ദ്ര സച് ദേവ കുറ്റപ്പെടുത്തി. സുരക്ഷാ വാഹനങ്ങള്‍, ആംബുലന്‍സ്, ഫയര്‍ എന്‍ജിന്‍ തുടങ്ങി ആഡംബര വാഹനങ്ങളുടെ അകമ്പടിയോടെയാണ് കേജ്‌രിവാള്‍ പഞ്ചാബിലെത്തിയതെന്ന് ബി ജെ പി കുറ്റപ്പെടുത്തി. സാധാരണക്കാരനെ പോലെ സഞ്ചരിച്ചിരുന്ന കെജ്രിവാള്‍ ഇപ്പോള്‍ മഹാരാജാവിനെ പോലെയാണ് സഞ്ചരിക്കുന്നതെന്നാണ് ഡല്‍ഹി മന്ത്രിയും ബി ജെ പി നേതാവുമായ മഞ്ജീന്ദര്‍ സിങ് സിര്‍സ വിമര്‍ശിച്ചത്.
കെജ്രിവാളിന്റെ അകമ്പടി വാഹനവ്യൂഹത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് പഞ്ചാബ് പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ പ്രതാപ് സിംഗ് ബജ്വയും ധൂര്‍ത്ത് ചോദ്യം ചെയ്തു. കെജ്രിവാള്‍ അധികാരത്തിനും ആഡംബരത്തിനും അടിമയാണെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് വിമര്‍ശിച്ചത്.