മൊബൈലിൽ ലഭിച്ച ലിങ്കിൽ ക്ലിക്ക് ചെയ്തു; പണം ആവശ്യപ്പെട്ട് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും സന്ദേശമെത്തി; ഹാക്ക് ചെയ്തത് നടൻ ഉപേന്ദ്രയുടെ ഭാര്യയുടെ ഫോൺ; ലക്ഷങ്ങൾ തട്ടിയ കേസിൽ പ്രതി പിടിയിൽ

Update: 2025-11-13 15:19 GMT

ബെംഗളൂരു: നടനും സംവിധായകനുമായ ഉപേന്ദ്രയുടെയും ഭാര്യ പ്രിയങ്കയുടെയും മൊബൈൽ ഫോണുകൾ ഹാക്ക് ചെയ്ത് ഒന്നര ലക്ഷം രൂപ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. ബിഹാർ സ്വദേശിയായ വികാസ് കുമാർ (25) ആണ് ബെംഗളൂരു സൈബർ പോലീസിന്റെ പിടിയിലായത്. സെപ്റ്റംബർ മാസത്തിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

പ്രിയങ്കയ്ക്ക് മൊബൈലിൽ ലഭിച്ച ഒരു ലിങ്കിൽ ക്ലിക്ക് ചെയ്തതിനെ തുടർന്നാണ് അവരുടെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടത്. തുടർന്ന്, പ്രിയങ്കയുടെ പേരിൽ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും പണം ആവശ്യപ്പെട്ട് സന്ദേശങ്ങൾ ലഭിച്ചു. ഉപേന്ദ്രയെയും അദ്ദേഹത്തിന്റെ മാനേജർമാരെയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ അവരുടെ ഫോണുകളും ഹാക്ക് ചെയ്യപ്പെട്ടതായി കണ്ടെത്തുകയായിരുന്നു.

ഓരോരുത്തരിൽ നിന്നും ഏകദേശം 55,000 രൂപ വീതം സംഘം തട്ടിയെടുത്തു. തട്ടിപ്പിലൂടെ ഒന്നര ലക്ഷം രൂപയാണ് പ്രതികൾ തട്ടിയെടുത്തത്. തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് സൈബർ പോലീസിന് പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് പോലീസ് പ്രതിയെ ബിഹാറിൽ നിന്നും പിടികൂടിയത്.

Tags:    

Similar News