'മുസ്ലീങ്ങൾക്കും നായ്ക്കൾക്കും പ്രവേശനമില്ല', 'മുസ്ലീങ്ങൾക്കുള്ള ഏക സ്ഥല'മെന്ന എഴുത്ത് ചവറ്റുകൊട്ടയിൽ; ഡൽഹി സ്ഫോടനത്തിന് പിന്നാലെ കോളേജ് ക്യാമ്പസിൽ വിദ്വേഷ ചുവരെഴുത്തുകൾ
കൊൽക്കത്ത: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് പിന്നാലെ കൊൽക്കത്തയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (ഐ.എസ്.ഐ) കാമ്പസിൽ മുസ്ലീം വിരുദ്ധ വിദ്വേഷ ചുവരെഴുത്തുകൾ. 'മുസ്ലീങ്ങൾക്കും നായ്ക്കൾക്കും പ്രവേശനമില്ല' എന്ന് ഹോസ്റ്റൽ കെട്ടിടത്തിന്റെ ചുവരുകളിൽ എഴുതിയിരിക്കുന്നു. ഇത് കാമ്പസിലെ വിദ്യാർത്ഥികൾക്കിടയിൽ ആശങ്ക പടർത്തിയിരിക്കുകയാണ്.
ഐ.എസ്.ഐയുടെ ആൺകുട്ടികളുടെ ഹോസ്റ്റലിന്റെ പ്രധാന പ്രവേശന കവാടത്തിന്റെ ഇരുവശങ്ങളിലുമാണ് വിദ്വേഷ സന്ദേശങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്. വർഷങ്ങളായി ഹോസ്റ്റൽ കവാടത്തിൽ 'നായ്ക്കൾക്ക് പ്രവേശനമില്ല' എന്ന് കറുത്ത നിറത്തിൽ എഴുതിയിരുന്നു. ഇതിനു മുകളിലായി ആരോ വെളുത്ത ചോക്ക് ഉപയോഗിച്ച് 'മുസ്ലീങ്ങൾ' എന്ന് കൂട്ടിച്ചേർക്കുകയായിരുന്നു. കൂടാതെ, ഹോസ്റ്റലിന്റെ രണ്ടാം നിലയിൽ സൂക്ഷിച്ചിരുന്ന ഒരു ചവറ്റുകൊട്ടയിൽ 'മുസ്ലീങ്ങൾക്കുള്ള ഏക സ്ഥലം' എന്നും എഴുതിയിട്ടുണ്ട്.
1931ൽ പ്രൊഫസർ പ്രശാന്ത ചന്ദ്ര മഹലനോബിസ് സ്ഥാപിച്ച ഐ.എസ്.ഐ, രാജ്യത്തെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ്. 1959 മുതൽ ഇത് ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഡൽഹി, ബെംഗളൂരു, ചെന്നൈ, തേസ്പൂർ എന്നിവിടങ്ങളിലും ഐ.എസ്.ഐക്ക് ശാഖകളുണ്ട്. ഇത്തരം വിദ്വേഷ പ്രചാരണങ്ങൾ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പരിസരത്ത് കണ്ടെത്തിയത് ഗൗരവമേറിയ വിഷയമായി കണക്കാക്കപ്പെടുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.